വൈപ്പിൻ: ഒരു പതിറ്റാണ്ടോളമായി കേരളത്തിന്റെ കടലിൽ സജീവമല്ലാതിരുന്ന മലയാളികളുടെ ഇഷ്ട മത്സ്യമായ ചാള തിരിച്ചുവരവിന്റെ പാതയിൽ.
ടണ്‍ കണക്കിന് നെയ്ചാളയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മത്സ്യതുറമുഖങ്ങളിലും മാർക്കറ്റുകളിലും സർവം ചാളമയം. ഒരിടയ്ക്ക് കിലോഗ്രാമിനു 300 രൂപവരെ വില ഉയർന്ന ചാള ഇപ്പോൾ 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോവരെ ലഭിക്കും.
2013നുശേഷമാണ് കേരളതീരത്തു ചാള കുറയാൻ തുടങ്ങിയത്. 2011-12 ൽ 4.2 ലക്ഷം ടണ്‍ മത്തി കേരള തീരത്തുനിന്ന് ലഭിച്ചിരുന്നു. ഇത് ക്രമേണ കുറഞ്ഞ് 2019-21 ആയപ്പോൾ 3.2 ടണ്ണായി.
ചാളയുടെ ക്ഷാമകാലത്ത് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും എത്തിയിരുന്ന “കടലൂർ ചാള’ ആയിരുന്നു ആശ്രയം. ഒമാനിൽനിന്നു കണ്ടെയ്നറിൽ കപ്പലുകൾ വഴി ഒമാൻ ചാളയും കേരള മാർക്കറ്റുകളിൽ ലഭ്യമായിരുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് ചാളയുടെ അപ്രത്യ ക്ഷമാകലിനും തിരിച്ചുവരവിനും കാരണമെന്നാണ് നിഗമനം. തീരെ ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ചാളയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലഭ്യത കൂടിയതോടെ ചാള പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തൊഴിലാളികൾക്ക് ചില ദിവസങ്ങളിൽ ചെലവ് കാശ് പോലും ലഭിക്കാത്തസ്ഥിതിയാണ്.
കൂടുതൽ വരുന്ന ചാള ടണ്‍കണക്കിനു ലോറികളിൽ കയറ്റി ഗോവ, മംഗലാപുരം, തൂത്തുക്കുടി തുടങ്ങിയ ഫിഷ് ഫുഡ്, വളം നിർമാണ കന്പനികളിലേക്ക് കയറ്റിയയച്ചുകൊണ്ടിരിക്കുന്നു.
കാലാവസ്ഥ അനുകൂലമായതോടെ തിരിച്ചെത്തിയ ചാളയെ കടലിൽ നിലനിർത്തണമെങ്കിൽ കരുതൽ വേണമെന്ന് സിഎംഎഫ്ആർഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചാളക്കുഞ്ഞുങ്ങളെ വളരാൻ അനുവദിക്കാതെ വിവേകരഹിതമായ മത്സ്യബന്ധനം തുടർന്നാൽ പ്രത്യുത്പാദന നിരക്ക് കുറയുന്നതിനും വംശനാശം സംഭവിക്കുന്നതിനും കാരണമാകുമെന്ന് മത്സ്യഗവേഷകർ പറയുന്നു.