മുട്ടം: ചുരിദാർ വില്പനയുടെ മറവിൽ വ്യാജ വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി.
മുട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്.
ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് ചുരിദാർ വില്പനയുടെ പേരിൽ വീടുകൾ കയറിയിറങ്ങി വൻ ഓഫറുകൾ നൽകി തട്ടിപ്പ് നടത്തുന്നത്.
6,000 രൂപ വിലയുള്ള ചുരിദാർ വാങ്ങുന്പോൾ 5,000 രൂപ വിലയുള്ള മറ്റു സമ്മാനങ്ങൾ ലഭിക്കുമെന്നാണ് ഇവർ പറഞ്ഞു വിശ്വസിപ്പിക്കുന്നത്.
ഇതിനോടകം നിരവധി വീട്ടമ്മമാരുടെ പണം നഷ്ടമായതായാണ് സൂചന. വീട്ടമ്മമാർ വീടുകളിൽ ഒറ്റയ്ക്കുള്ള സമയം കൃത്യമായി അറിഞ്ഞും സ്ത്രീകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുമാണ് ഇവർ എത്തുന്നത്.
കഴിഞ്ഞ ദിവസം മലങ്കര എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള നിരവധി വീടുകളിലും സംഘം തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ മുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇതേസമയം, ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ആളുകൾ ജാഗ്രത പാലിക്കാൻ തയാറാകാത്തതാണ് തട്ടിപ്പ് സംഘത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.
വീടുകൾ കയറിയിറങ്ങി ദിവസ പലിശയ്ക്ക് പണം നൽകി വൻതുക തട്ടിയെടുക്കുന്ന സംഘവും ജില്ലയിൽ സജീവമാണ്. തമിഴ്നാട്ടിൽനിന്നുള്ളവരാണ് ഇത്തരം പ്രവർത്തനം നടത്തുന്നത്.
ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വട്ടിപ്പലിശ സംഘത്തിന്റെ കുരുക്കിൽ വ്യാപകമായി വീഴുകയാണ്.
കുടുംബശ്രീ അടക്കമുള്ള സംഘടനകൾവഴി ജനങ്ങളെ ബോധവത്കരിച്ച് തട്ടിപ്പ് സംഘത്തിന്റെ പിടിയിൽനിന്നു ജനങ്ങളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.