ഏറ്റുമാനൂർ: കാരിത്താസ് – അമ്മഞ്ചേരി റോഡിലെ കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
13.6 കോടി രൂപ വകയിരുത്തിയിരിക്കുന്ന നിർമാണ പ്രവൃത്തിയുടെ കരാറെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്.
റെയിൽവേ മേൽപ്പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തത് വിവാദമായിരുന്നു. എംസി റോഡിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ഏറ്റവും എളുപ്പമാർഗമാണിത്.
രോഗികളുമായി ദിവസേന അസംഖ്യം ആംബുലൻസുകളും സർവീസ് ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളും പോകുന്ന റോഡ് മേൽപ്പാല നിർമാണത്തിനായി മൂന്ന് വർഷം മുമ്പ് അടച്ചതാണ്.
റെയിൽവേയുടെ ചുമതലയിലുള്ള മേൽപ്പാലം നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിക്കാൻ പോലും സാധിച്ചിരുന്നില്ല.
കരാർ തുകയെ സംബന്ധിച്ച തർക്കത്തിൽ കരാറുകാരാരും ജോലി ഏറ്റെടുക്കാൻ തയാറാകാതെ വരികയായിരുന്നു. തർക്കത്തിന് പരിഹാരം കണ്ട് ഊരാളുങ്കൽ സൊസൈറ്റിയെ കരാർ ഏൽപ്പിച്ചതോടെ നിർമാണരംഭത്തിന് വഴി തുറന്നിരിക്കുകയാണ്.