പാലാ: മുടങ്ങിക്കിടന്ന വേതനമെല്ലാം വൈകിയാണെങ്കിലും ലഭിച്ച പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ കോർപറേഷനു നേടിക്കൊടുത്തത് വമ്പൻ വരുമാനം.
ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തിൽപരം രൂപയാണ്. എന്നാൽ ഇന്നലെ 52 ബസുകളിൽ നിന്നായി കോർപറേഷന്റെ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 15,03,661 രൂപയാണ്
. ഓരോ ബസിനുമായി ശരാശരി 28,916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു. ഒരു കിലോമീറ്ററിന് (ഇപികെഎം) 57.68 രൂപയും. 124.31 % നേട്ടമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേർന്ന് കളക്ട് ചെയ്തത്.
വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനിൽ ഉള്ള ഫാസ്റ്റ് പാസഞ്ചർ സർവീസാണ് ഉയർന്ന കളക്ഷൻ നേടിയത്. 34,263 രൂപ ഈ ബസിന് ലഭിച്ചു. 11.09.22-ൽ സംസ്ഥാനത്തെ ഡിപ്പോകളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇന്നലെ പാലായിലേത്.
നൂറിൽ പരം ബസുകളും ഉയർന്ന വരുമാനവും ലഭിച്ചിരുന്നിട്ടും പാലായിൽനിന്നു ബസുകൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു.
പിൻവലിച്ച ബസുകൾ തിരികെ ലഭ്യമാക്കി സർവീസുകൾ പുനരാരംഭിച്ച് യാത്രക്കാരുടെ യാത്രാ ആവശ്യം നിറവേറ്റാൻ അധികൃതർ തയാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.