ഒറ്റപ്പാലം: മാതൃകയായൊരു വിവാഹം… വിവാഹ ചടങ്ങുകൾ കോപ്രായപ്രകടനങ്ങൾക്കു വേദിയാകുന്ന ന്യൂജൻ ട്രെന്റിന് ഗുഡ് ബൈ പറഞ്ഞാണ് മയിലും പുറത്ത് മാതൃകയായൊരു വിവാഹം നടന്നത്.
വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് പ്രമാണം… എന്നാൽ മയിലുംപുറം വലിയ വീട്ടിൽ കുളങ്ങര ശ്രീദേവിക്ക് തന്റെ വിവാഹ സുദിനത്തിൽ ഭൂമിയിൽ സന്മനസുള്ള ചിലർക്കെങ്കിലും സമാധാനം നൽകാനും കൂടിയായിരുന്നു തീരുമാനം.
ഇതിനിവർ കണ്ടെത്തിയ മാർഗം താനുൾപ്പെടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ മെഡിക്കൽ കോളജിന് കൈമാറാനായിരുന്നു.
വിവാഹങ്ങൾ പല രീതിയിൽ വ്യത്യസ്തങ്ങളായി നടത്താറുണ്ടങ്കിലും ശ്രിദേവിയുടെ വിവാഹം നാടിനു തന്നെ മാതൃക നൽകുന്നതായി.
വിവാഹ ദിനത്തിൽ ഇതേ വേദിയിൽ വച്ച് തന്റേയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ ഗവ. മെഡിക്കൽ കോളജിന് വിട്ടു കൊടുക്കുന്നതിന് തയാറാക്കിയ സമ്മതപത്രം കൈമാറുകയും ചെയ്തു.
മണ്ണിലൊതുങ്ങുന്ന തങ്ങളുടെ ദേഹം കൊണ്ട് കാഴ്ചവട്ടങ്ങളുടെ മായാപ്രപഞ്ചം ഏതെങ്കിലും സഹജീവികൾക്ക് ജീവനായും കാഴ്ചയായും മാറാനായാൽ അതായിരിക്കും ഏറ്റവും വലിയ പുണ്യമെന്ന ചിന്തയാണ് ശ്രീദേവിയെ വിവാഹത്തോടനുബന്ധിച്ച് ഇത്തരമൊരു ചിന്തയിലേക്കും തീരുമാനത്തിലേക്കും നയിച്ചത്.
ശ്രീദേവിയുടെ തീരുമാനത്തിനു കുടുംബക്കാർ കൂടി പച്ചക്കൊടി കാട്ടിയതോടെ കതിർ മണ്ഡപം മറ്റൊരു ചടങ്ങിനു കൂടി സാക്ഷിയായി. കെ. പ്രേംകുമാർ എംഎൽഎ ശ്രീദേവിയിൽ നിന്ന് സമ്മതപത്രങ്ങൾ മെഡിക്കൽ ഡിപ്പാർട്ട്മെന്റിനു കൈമാറാൻ ഏറ്റുവാങ്ങി.