മറയൂര്‍: ടൂറിസ്റ്റ് ബസിൽ പതിച്ചിരിക്കുന്ന ത്രീ ഡി ചിത്രത്തിനൊപ്പം ഓടുന്ന സാക്ഷാൽ കുതിര കൗതുകമായി. ബസിൽ പതിച്ചിരിക്കുന്ന കുതിരയുടെ ചിത്രത്തോട് അടുപ്പം തോന്നി ഒപ്പം കൂടിയിരിക്കുന്ന കുതിര ഇപ്പോൾ നാട്ടിൽ താരമാണ്.
തമിഴ്നാട്ടിലെ പേരൂര്‍ ബസ് സ്റ്റാൻഡിലെത്തുന്ന ബസിലെ കുതിരയുടെ ചിത്രത്തോടു സൗഹൃദം കൂടുന്ന കുതിരയാണ് വാർത്തകളിൽ നിറയുന്നത്.
സമീപവാസിയായ അരുണാചലത്തിന്റേതാണ് കുതിര. ഉച്ചയ്ക്ക് 1.30നാണ് കോയമ്പത്തൂര്‍ പൊള്ളാച്ചി റോഡില്‍ സര്‍വീസ് നടത്തുന്ന ബസ് പേരൂരിലെത്തുന്നത്.
സവാരിക്ക് ഉപയോഗിക്കുന്ന കുതിര മറ്റ് ജോലികള്‍ ഒന്നും ഇല്ലെങ്കിൽ ബസ് കേന്ദ്രത്തില്‍ എത്തും. 1.40ന് ബസ് പൊള്ളാച്ചിയിലേക്കു പോകുമ്പോള്‍ ബസിലെ കുതിരയോടൊപ്പം മീറ്ററുകളോളം ഓടിയ ശേഷമാണ് അരുണാചലത്തിന്റെ കുതിര മടങ്ങിപ്പോകുന്നത്.
ബസിന് ഒപ്പം പായുന്ന കുതിരയെ കാണാൻ ആളുകൾ കൂടുന്നതും പതിവായിട്ടുണ്ട്.