സ്വന്തം ലേഖകൻ
പാലക്കാട് : മുണ്ടൂർ നൊച്ചുപുളളിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. പിടിയാനയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഷോക്കേറ്റ് ചെരിഞ്ഞത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
വന്യമൃഗ ശല്യം തടയാനായി സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു കിടക്കുന്നതിനു സമീപത്തായി പലയിടത്തും വൈദ്യുതി കെണികൾ ഒരുക്കിയതായും കണ്ടെത്തി.
ഇതിനായി ത്രീ ഫേസ് കണക്ഷൻ എടുത്തതായും ഇവർ കണ്ടെത്തിയിട്ടുണ്ട്.കാട്ടുപന്നികളും കാട്ടാനകളും അടക്കം വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
വന്യമൃഗ ശല്യം മൂലം വർഷങ്ങളായി കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടെയെന്ന് കർഷകർ പറയുന്നു. എന്നാൽ ഇതുപോലൊരു സംഭവം ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
ആരാണ് വൈദ്യുതി കെണി സ്ഥാപിച്ചതിനെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചു.
വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം തുടർന്ന് നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ഏതാനും ദിവസമായി ഈ മേഖലയിൽ മൂന്ന് കാട്ടാനകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു കിടന്ന സ്ഥലം പാലക്കാട് സ്വദേശിയുടേതാണ്.
.