ഭുവനേശ്വർ: എലിസബത്ത് രാജ്ഞിയുടെ വിയോഗശേഷം കോഹിനൂർ രത്നം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇവിടെനിന്നു കടത്തിക്കൊണ്ടുപോയ കോഹിനൂർ രത്നം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭഗവാന്റേതാണെന്ന അവകാശവാദവുമായി ഒഡീഷയിലെ സാംസ്കാരിക സംഘടനയായ ശ്രീ ജഗന്നാഥ സേന രംഗത്തെത്തി.
അഫ്ഗാൻ രാജാവ് നാദിർഷയെ യുദ്ധത്തിൽ തോൽപ്പിച്ചതിലുള്ള സന്തോഷത്താൽ മഹാരാജാവ് രഞ്ജിത് സിംഗ് ജഗന്നാഥ ഭഗവാനു സമർപ്പിച്ചതാണ് കോഹിനൂർ രത്നം.
അതിവിശിഷ്ടമായ ഈ രത്നം പുരി ക്ഷേത്രത്തിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശ്രീ ജഗന്നാഥ സേനാ കൺവീനർ പ്രിയദർശൻ പട്നായിക് ആവശ്യപ്പെട്ടു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നല്കിയിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് എലിസബത്ത് രാജ്ഞിക്ക് ശ്രീ ജഗന്നാഥ സേന കത്തെഴുതിയിരുന്നു.
2016 ഒക്ടോബർ 19ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽനിന്നു ലഭിച്ച മറുപടിയിൽ, മന്ത്രിമാരുടെ ഉപദേശമനുസരിച്ചാണ് എലിസബത്ത് രാജ്ഞി തീരുമാനമെടുക്കുന്നതെന്നും നേരിട്ടെത്തി യുകെ സർക്കാരിനോട് ആവശ്യപ്പെടാനുമായിരുന്നു നിർദേശം.
ഇത്രയും വർഷം നിശബ്ദനായിരുന്നത് എന്തിനാണെന്നുള്ള ചോദ്യത്തിന്, ആവശ്യം അറിയിച്ചപ്പോൾ തനിക്ക് യുകെ സർക്കാർ വീസ നിഷേധിച്ചെന്നു പട്നായിക് പറഞ്ഞു.
രാജാ രഞ്ജിത് സിംഗിന്റെ അന്ത്യാഭിലാഷ പ്രകാരം ഈ രത്നം പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുകയായിരുന്നു. 1839ൽ രാജാ രഞ്ജിത് സിംഗ് അന്തരിച്ചു.
പത്തുവർഷത്തിനുശേഷം മകൻ ദുലീപ് സിംഗിൽനിന്നു ബ്രിട്ടീഷുകാർ കോഹിനൂർ രത്നം അപഹരിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു ചരിത്രകാരനും ഗവേഷകനുമായ അനിൽ ധിർ പറഞ്ഞു.
ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ റിക്കാർഡ് ഡൽഹി നാഷണൽ അർക്കൈവ്സിലുണ്ടെന്നു അനിൽ ധിർ കൂട്ടിച്ചേർത്തു.
2016ൽ ഭരണകക്ഷിയായിരുന്ന ബിജു ജനതാദൾ എംപി ഭൂപീന്ദർ സിംഗ് ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് പുരിയിലെ എംഎൽഎയും ബിജെപി നേതാവുമായി ജയന്ത് സാരംഗി പറഞ്ഞു.
എന്നാൽ, പഞ്ചാബിലെ ഭരണാധികാരികൾ ഈസ്റ്റ് ഇന്ത്യാ കന്പനിക്കു സമ്മാനമായി നല്കിയതാണ് ഇരുപതുകോടി രൂപ വിലമതിക്കുന്ന കോഹിനൂർ രത്നമെന്നാണു മുന്പ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലം.
14-ാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിലെ കൊല്ലൂരിൽനിന്നു ഖനനത്തിലൂടെ ലഭിച്ച കോഹിനൂർ രത്നം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രത്നമെന്നാണ് അറിയപ്പെടുന്നത്.
എലിസബത്ത് രാജ്ഞി കിരീടത്തിൽ ചൂടിയിരുന്ന 105 കാരറ്റ് കോഹിനൂർ രത്നം ഇനി മകൻ ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യയും രാജ്ഞിയുമായ കാമിലയ്ക്കു ലഭിക്കും.