യുണൈറ്റഡ് നേഷൻസ്: ലോകത്തെ അഞ്ചുകോടി ജനങ്ങൾ “ആധുനിക അടിമത്ത’ത്തിലാണു ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം), രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ എന്നിവ ചേർന്നു തയാറാക്കി പുറത്തുവിട്ട റിപ്പോർട്ടിലാണ് ആധുനികകാല അടിമത്തം സംബന്ധിച്ച പരാമർശങ്ങൾ.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിർബന്ധിത വിവാഹങ്ങൾ വർധിക്കുകയാണെന്നും 2.2 കോടി ആളുകൾ ഇത്തരത്തിൽ നിർബന്ധിത വിവാഹത്തിന്റെ കുരുക്കിൽ അകപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിർബന്ധിത വിവാഹങ്ങളിൽ ഭൂരിഭാഗവും എഷ്യ, പസഫിക് മേഖലകളിലാണ്. ആഫ്രിക്ക പിന്നീടാണു വരുന്നതെന്ന ശ്രദ്ധേയ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്.
അറബ് രാജ്യങ്ങളിലാണു നിർബന്ധിത വിവാഹങ്ങൾ കൂടുതൽ. ഇവിടെ 4.8 ശതമാനം ആളുകൾ നിർബന്ധത്തിന്റെ പേരിൽ വിവാഹിതരാകുന്നു. അമേരിക്കയിലാണ് ഏറ്റവും കുറവ്.
കോവിഡ് മഹാമാരി ലോകത്തിന്റെ എല്ലാ മേഖലകളിലും നിർബന്ധിത വിവാഹത്തിന്റെ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
2016 മുതലുള്ള കണക്കുകൾപ്രകാരം അഞ്ചു വർഷത്തിനിടെ ഒരു കോടി ആളുകളാണ് ആധുനിക അടിമത്തത്തിന്റെ പരിധിയിലേക്കു പതിച്ചത്.
സ്ത്രീകളും കുട്ടികളുമാണ് ഇവിടെ ഇരകളിൽ ഭൂരിഭാഗവും. മനുഷ്യാവകാശങ്ങൾ ഹനിച്ചുകൊണ്ടുള്ള ഈ അടിമത്തം ഇനിയും വർധിക്കാനാണു സാധ്യതയെന്നും ഐഎൽഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ പറയുന്നു.
കുടിയേറ്റ തൊഴിലാളികളാണു നിർബന്ധിത ജോലിയുടെ ഇരകളിൽ ഭൂരിഭാഗവുമെന്നും റിപ്പോർട്ടിലുണ്ട്.