കോട്ടയം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ചിന്തന്‍ ശിബിരം തീരുമാനം വെട്ടി. 50 വയസില്‍ താഴെയുള്ള രണ്ടു പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ വനിതകള്‍ ആരും ലിസ്റ്റില്‍ ഇടം പിടിച്ചില്ല.
മുന്‍ വര്‍ഷങ്ങളില്‍നിന്നു വിഭിന്നമായി ഗ്രൂപ്പ് സമവായം മാറിമറിഞ്ഞപ്പോള്‍ കെ.സുധാകരന്, വി.ഡി. സതീശന് അഭിമുഖ്യമുള്ളവരാണ് അധികവും കടന്നുകൂടിയത്.
കെ.സി. വേണുഗോപാലിന്റെ പിന്തുണയില്‍ കയറിക്കൂടിയവരുമുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ ഇടംപിടിച്ചിരുന്ന കോട്ടയം ഇത്തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂടി സുധാകരന് പക്ഷത്തോടൊപ്പം നിലനിന്നതോടെ എ ഗ്രൂപ്പ് ആറു പേരില്‍ ഒതുങ്ങി.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ.സി. ജോസഫ്, കുര്യന് ജോയി, ടി. ജോസഫ്, ജോഷി ഫിലിപ്പ്, വി.പി. സജീന്ദ്രന് എന്നിവരെ കൂടാതെ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു.
50 വയസില്‍താഴെയുള്ള രണ്ടു പേരില്‍ ഒരാള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ്. കെ.സുധാകരനൊപ്പമുള്ള അജീസ് ബെന്‍ മാത്യുസാണു 50 വയസില്‍താഴെയുള്ള മറ്റൊരാള്‍. ഐ ഗ്രൂപ്പില്‍നിന്നും രണ്ടുപേര്‍ മാത്രമാണ് ഇടം നേടിയത് ഫിലിപ്പ് ജോസഫും ജോസഫ് വാഴക്കനും.
മുമ്പ് ഗ്രൂപ്പുകള്ക്കൊപ്പമുണ്ടായിരുന്ന പലരും ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നപ്പോള്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. പി.എസ്. രഘുറാം, ജോസി സെബാസ്റ്റ്യന്‍, ഫില്‍സണ്‍ മാത്യൂസ്, മോഹന്‍ ഡി. ബാബു, അജീസ് ബെന്‍ മാത്യു, ടോമി കല്ലാനി, പി.എ.സലിം, ആന്റോ ആന്റണി, തോമസ് കല്ലാടന്‍, ജാന്‍സ് കുന്നപ്പള്ളി തുടങ്ങിയവരും എക്സിക്യൂട്ടീവില്‍ ഇടം നേടി.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായി പി.എ. സലിമിനെയും ജോസി സെബാസ്റ്റ്യനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെപിസിസി സെക്രട്ടറിമാരെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒരു ബ്ലോക്കില്‍നിന്നും ഒരാള്‍ എന്ന ക്രമത്തിലാണു കെപിസിസി അംഗങ്ങളെ പ്രഖ്യാപിച്ചത്.
ജില്ലയിൽ നിന്നുള്ള കെപിസിസി അംഗങ്ങള്‍
പി.എസ്. രഘുറാം, ജോസി സെബാസ്റ്റ്യന്‍, ചാണ്ടി ഉമ്മന്‍, ഫില്‍സണ്‍ മാത്യൂസ്, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, മോഹന്‍ ഡി. ബാബു, അജീസ് ബെന്‍ മാത്യു, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്, പി.എ. സലിം, ആന്റോ ആന്റണി, ടി. ജോസഫ്, വി.പി. സജീന്ദ്രന്, തോമസ് കല്ലാടന്‍, ജാന്‍സ് കുന്നപ്പള്ളി, കെ.സി. ജോസഫ്, കുര്യന് ജോയി.