കായംകുളം: വീട് കുത്തിത്തുറന്ന് 50 പവനും രണ്ടുലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ കണ്ണൂരിൽ അറസ്റ്റിലായ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
കായംകുളം പെരിങ്ങാല ചക്കാല കിഴക്കതിൽ ഹരിദാസിന്റെ വീട്ടിൽനിന്നു 50 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ തളിപ്പറമ്പ് ഇരിക്കൂർ പട്ടുവ ദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിലി (30) നെയാണ് മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ നാലിന് സന്ധ്യാസമയത്ത് വീട്ടുകാർ രണ്ടു വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണപ്പരിപാടി കാണാനായി പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്നിരുന്ന ഇസ്മായിൽ കഴിഞ്ഞ രണ്ടിനു പുറത്തിറങ്ങിയശേഷം മൂന്നിന് പത്തനംതിട്ടയിലുള്ള പെൺ സുഹൃത്തിനെ കാണാനെത്തുകയും തുടർന്ന് പത്തനാപുരത്ത് നിന്ന് ഒരു സ്കൂട്ടർ അപഹരിച്ച് കറങ്ങി നടന്ന് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നോക്കി മോഷണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്നീട് അടൂർ ഭാഗത്തേക്ക് പോയ ഇയാൾ സ്കൂട്ടർ അടൂരിൽ ഉപേക്ഷിച്ച ശേഷം ബസിൽ കോഴിക്കോട്ടേക്കു പോവുകയും അവിടെ ഒരു ലോഡ്ജിൽ താമസിച്ചു സ്വർണം വിൽക്കാൻ കണ്ണൂരിലെത്തിയപ്പോഴാണ് കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടിച്ചത്.
പ്രത്യക്ഷ തെളിവുകളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാതിരുന്ന കേസിലാണ് പ്രതി പിടിയിലായതെന്നും പോലീസ് പറഞ്ഞു.
എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇസ്മയിൽ ആദ്യമായാണ് ആലപ്പുഴ ജില്ലയിൽ മോഷണക്കേസിൽ പിടിയിലാകുന്നതെന്നും പോലീസ് അറിയിച്ചു.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലുൾപ്പെട്ട സിഐ മുഹമ്മദ് ഷാഫി, എസ്ഐ മാരായ എം. ശ്രീകുമാർ, വി. ഉദയകുമാർ, എഎസ്ഐ ഉദയകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഗിരീഷ്, മോനിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, അനീഷ്, ശരത്, നിഷാദ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തിയത്.