നെടുമ്പാശേരി: വിദേശത്തു നിന്നും രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം സ്വർണവും മയക്കുമരുന്നും പിടിച്ചെടുത്തു.
മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾ വിമാനത്താവളത്തിൽനിന്നും കാറിൽ പുറപ്പെടുമ്പോൾ വിമാനത്താവള കവാടത്തിന് മുൻപിലായിരുന്നു പ്രിവന്റീവ് വിഭാഗത്തിന്റെ പരിശോധന.
ഇയാളോടൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്.
പിടിച്ചെടുത്ത സ്വർണത്തിന് 50 ലക്ഷം രൂപയോളം വില വരും. ഇവരിൽനിന്നും മയക്കുമരുന്നും പിടികൂടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
എന്നാൽ ഇത് എത്ര അളവിൽ ഉണ്ടെന്ന വിവരം വ്യക്തമായിട്ടില്ല. കസ്റ്റംസ് പിടിച്ചെടുത്ത മയക്കുമരുന്ന് പിന്നീട് എക്സൈസിന് കൈമാറി.