ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കാന്‍ യുടെ സംഘം കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണ ശ്രമം നടത്തിയതായി പഞ്ചാബ് പോലീസ്.
ഇപ്പോൾ തീഹാർ ജയിലിലുള്ള ലോറൻസ് ബിഷ്ന്ണോയ് കഴിഞ്ഞ നാലു വർഷമായി സൽമാൻ ഖാനെ വധിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറയുന്നു.
ആദ്യശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ലോറൻസ് ബിഷ്ണോയ് ഒരു പ്ലാൻ ബി തയ്യാറാക്കിയിരുന്നതായും പോലീസ് ഇന്നലെ വെളിപ്പെടുത്തി.
പന്‍വേലിലെ സല്മാന് ഖാന്റെ ഫാം ഹൗസിന് സമീപത്ത് വെച്ച് കൊല നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ഇതിനായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഫാം ഹൗസിന് അടുത്ത് നിലയുറപ്പിച്ചിരുന്നു.
കഴിഞ്ഞ ജൂണില്‍ സല്‍മാനും പിതാവ് സലീം ഖാനും ഒരു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊന്നതു പോലെ പോലെ നിങ്ങളെയും ഇല്ലാതാക്കും എന്നായിരുന്നു ഭീഷണിക്കത്ത്.
സിദ്ധു മൂസെവാല കൊല്ലപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് സല്മാന് ഖാനെ വധിക്കുമെന്ന ഭീഷണിക്കത്ത് ലഭിച്ചത്.
സിദ്ധു മൂസെവാല കൊല്ലപ്പെടുന്നതിന് മുമ്പെ തന്നെ സല്‍മാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ഗ്യാങ് പ്ലാന്‍ ബി തയ്യാറാക്കിയിരുന്നു എന്നാണ് പഞ്ചാബ് പോലീസ് അറിയിച്ചിരിക്കുന്നത്.
കാനഡയിൽ താവളമുറപ്പിച്ചിരിക്കുന്ന ഗോള്‍ഡീ ബ്രാര്‍, കപില്‍ പണ്ഡിറ്റ് എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. കപിൽ പണ്ഡിറ്റിനെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
കപില്‍ പണ്ഡിറ്റും സംഘവും രണ്ട് ഷാർപ് ഷൂട്ടര്‍മാരും മുംബൈയിലെ വാസെ ഏരിയയിലെ പന്‍വേലില്‍ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു.
അക്രമി സംഘത്തിലെ ഒരാള്‍ സല്മാന് ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് ഒന്നര മാസത്തോളം അവിടെ താമസിച്ചിരുന്നു.
സല്‍മാനെ വധിക്കാനായി ഇവരുടെയെല്ലാം പക്കല്‍ ചെറിയ പിസ്റ്റലുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുപ്രസിദ്ധമായ ഹിറ്റ് ആന്‍ഡ് റണ്‍ കേസിനു ശേഷം സല്മാന് ഖാൻ കാറിന്റെ വേഗത കുറച്ചിരുന്നതായി സംഘം മനസിലാക്കിയിരുന്നു.
പന്‍വേലിലെ ഫാം ഹൗസിലേക്ക് പോകുമ്പോള്‍ സല്മാന് ഖാന്റെ കാര്‍ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. മിക്ക സമയത്തും സല്മാന് ഖാന്റെ സ്വകാര്യ അംഗരക്ഷകന് ഷേറ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
ഫാം ഹൗസിലേക്കുള്ള വഴിയിലെ റോഡിലുള്ള കുഴികളുടെ എണ്ണവും ഷൂട്ടര്‍മാര്‍ കണക്കാക്കിയിരുന്നു. ഇതിനിടെ സല്മാന് ഖാന് രണ്ട് തവണ ഫാം ഹൗസ് സന്ദര്‍ശിച്ചിരുന്നുവെങ്കിലും അക്രമി സംഘത്തിന് അദ്ദേഹത്തിനെ ആക്രമിക്കാന്‍ കഴിഞ്ഞില്ല.
സംഘത്തിൽപ്പെട്ടവർ പിടിയിലായതോടെയാണ് വധശ്രമ പദ്ധതി പുറത്തു വന്നത്.