ജോണ്സണ് വേങ്ങത്തടം
കോട്ടയം: റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു ആവിഷ്കരിച്ചിട്ടുള്ള ട്രാഫിക് നിയമങ്ങള്‍ പ്ലസ് ടുവില്‍ പാഠ്യവിഷയമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് .
ഇന്ത്യയില്‍ ആദ്യമായി കേരളമാണ് ഇത്തരമൊരു പാഠ്യപദ്ധതിയും സംവിധാനവും ഒരുക്കുന്നതെന്ന പ്രത്യേകതയുണ്ട്. പ്ലസ് ടു പാസായാല്‍ വിദ്യാര്‍ഥികള്‍ സ്വഭാവികമായും ലണേഴ്സ് പാസാകുകയും ലൈസന്‍സിനു അപേക്ഷിക്കാന്‍ യോഗ്യരാകുകയും ചെയ്യുന്ന കരിക്കുലമാണു മോട്ടോര്‍വാഹന വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഈ കരിക്കുലം പാഠ്യവിഷയമാക്കുന്നതിനു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയ കരിക്കുലം 28നു മന്ത്രി ആന്റണി രാജു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കു കൈമാറും.
കരിക്കുലത്തില്‍ തീയറി മാത്രമേയുള്ളൂ. ആറുമാസം മുമ്പു കരിക്കുലം തയാറാക്കി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഹയര്സെക്കന്ററിയില് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മോട്ടോര്‍വാഹനവകുപ്പ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
ഇത് മോട്ടോര്‍വാഹന വകുപ്പ് ആക്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഇതു നടപ്പിലാക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കു ബോധവത്കരണം നല്‍കുന്നതിനൊപ്പം അഴിമതി നിര്‍മാജനവും ഇതിലൂടെ സാധിക്കുമെന്നു മന്ത്രി ആന്റണി രാജു ദീപികയോടു പറഞ്ഞു.
അനാവശ്യമായി പണം മുടക്കി സമയം നഷ്ടപ്പെടുത്താതെ പ്ലസ് ടു പഠനം പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് തരപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇന്നുണ്ടാകുന്ന അപകടങ്ങളുടെ വര്‍ധന ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് മോട്ടോര്‍വാഹന വകുപ്പ്. സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിന് അതില്‍ ഭാഗഭാക്കുകളായ എല്ലാ ആളുകളും വേഗത്തിലും കൃത്യമായും പരസ്പരം ആശയവിനിമയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇതിനു പല മാര്‍ഗങ്ങളുമുണ്ട്. ഗതാഗതത്തിനിടയില്‍ ശബ്ദം, ദൃശ്യം എന്നി മാധ്യമങ്ങള്‍ ഉപയോഗിച്ച് പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന അടയാളങ്ങള്‍ ട്രാഫിക് നിയമങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘടകം കൂടിയാണ്.
ഇതു സംബന്ധിച്ചുള്ള അറിവ് വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നാല്‍ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ സാധിക്കുമെന്ന വിശ്വാസമാണു മോട്ടോര്‍വാഹന വകുപ്പിനുള്ളത്.