കൊച്ചി: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നു ഗവർണർ ഇന്നു രാവിലെ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
സർവകലാശാലയുടെ സ്വയംഭരണം തകർക്കാൻ അനുവദിക്കില്ല.സർവകലാശാല ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തിലിരിക്കുന്നവരുടേതല്ല. യോഗ്യതയില്ലാത്തവരെ വാഴ്സിറ്റിയിൽ നിയമിക്കാൻ പറ്റില്ല.
വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ല. സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് തിരുവനന്തപുരത്ത് എത്തിയശേഷം പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു.
പിന്നിൽ നിന്നു കളിക്കുന്നത്…
ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. കണ്ണൂരിൽ വച്ച് മൂന്നു വർഷം മുന്പ് കണ്ണൂർ സർവകലാശാല ചരിത്ര കോണ്ഗ്രസിൽ പങ്കെടുക്കുന്പോൾ തനിക്കുനേരേ വധശ്രമം ഉണ്ടായി.
ഈ സംഭവത്തിൽ പോലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണ്? വധശ്രമത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ട്.
പിന്നിൽനിന്ന് കളിക്കുന്നത് ആരാണെന്ന് എനിക്കറിയാം. പോലീസിനെ ഇതിൽനിന്ന് തടഞ്ഞത് ആരാണെന്നും ഗവർണർ ചോദിച്ചു.
തിരിച്ചുവിളിക്കില്ല
മുഖ്യമന്ത്രിക്ക് അയച്ച പല കത്തുകൾക്കും മറുപടി ലഭിച്ചില്ല. ഫോണിൽ വിളിച്ചാൽ തിരിച്ചുവിളിക്കില്ല. പതിവായി കാര്യങ്ങൾ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മുഖ്യമന്ത്രി അതിന് തയാറാവുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിന്നിൽ നിന്നുള്ള നിഴൽയുദ്ധം അവസാനിപ്പിക്കണം.
തിരശീലയ്ക്ക് പിന്നിൽനിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചു.
സർവകലാശാല ഭേദഗതി ബില്ലിൽ നിയമപരമായ പ്രശ്നമുണ്ട്. ആ ബില്ല് പരിശോധിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ലോകോയുക്ത ഭേദഗതി ബിൽ പരിശോധിക്കാനായിട്ടില്ല.
പക്ഷേ മാധ്യമ വാർത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തുമെന്നും ഗവർണർ വ്യക്തമാക്കി.
പ്രകോപനത്തിനു പിന്നിൽ
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.
ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ തുറന്നടിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.