ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ചില ഡ്രൈവർമാരെ പോലെ സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാർ പെരുമാറരുതെന്ന് സി എം ഡി ബിജു പ്രഭാകറിന്റേതായ ശബ്ദസന്ദേശം.
സ്വിഫ്റ്റ് ഡ്രൈവർമാരുടേതായ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് എംഡിയുടേതായ ശബ്ദ സന്ദേശമെത്തിയത്. മര്യാദയ്ക്ക് ബസ് ഓടിച്ചില്ലെങ്കിൽ ശക്തമായ നടപടി എടുക്കുമെന്ന് സ്വിഫ്റ്റിലെ ഡ്രൈവർമാർക്ക് കെ – സ്വിഫ്റ്റിന്റെ സി എം ഡി കൂടിയായ ബിജു പ്രഭാകരന്റെ മുന്നറിയിപ്പുമുണ്ട്.
തിരുവനന്തപുരം നഗരത്തിലൂടെ കെ-സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കി പ്പോയതാണ് സി എംഡിയെ ചൊടിപ്പിച്ചത്.
ബസ് നന്പർ അടക്കം വ്യക്തമാക്കിയാണ് സി എം ഡി കെ – സ്വിഫ്റ്റിലെ ഡ്രൈവർമാരുടെ കൂട്ടായ്മയ്ക്ക് ശബ്ദ സന്ദേശം അയച്ചിട്ടുള്ളത്.
നിർത്താതെ ഹോൺ മുഴക്കി ജനങ്ങളെ വിരട്ടരുത്. ഒറ്റ ഹോൺ മുഴക്കിയാൽ സൈഡ് കിട്ടിയില്ലെങ്കിൽ വേണ്ട. കെ എസ് ആർ ടി സിയിലെ ചില ഡ്രൈവർമാർ തലയ്ക്ക് സ്ഥിരതയില്ലാത്തതും റിബെല്ലിയസുമാണ്.
സ്വിഫ്റ്റിലെ ഡ്രൈവർമാർഅവരെപ്പോലെയാകരുത്. അതിന് വേണ്ടിയാണ് കെ -സ്വിഫ്റ്റ് രൂപീകരിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ശബ്ദ സന്ദേശത്തിലുണ്ട്.
സി എം ഡിയുടെ ശബ്ദസന്ദേശത്തിൽ ജീവനക്കാരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കെ എസ് ആർ ടി സി ജീവനക്കാരുടെ കൂട്ടായ്മകളിൽ വ്യാപകമായി ഇത് പ്രചരിക്കുകയും ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്.