പോത്തൻകോട്: ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനിൽ സെൽവരാജ് (46) ആണ് മരിച്ചത്.
2021 ആഗസ്റ്റ് 31നായിരുന്നു ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ വച്ച് സെൽവരാജിന്റെ ഭാര്യയായിരുന്ന പ്രഭ (37 )യെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്. ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ആണ് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
സെൽവരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത് .
തുടർന്ന് കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
തുടർന്ന് പോത്തൻകോട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പത്തു വർഷം മുന്പാണ് സെൽവരാജും പ്രഭയും വിവാഹിതരായത്. പിന്നീട് കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു.