ലക്നോ: ഉത്തർപ്രദേശിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽവച്ച് നൽകിയത് വിവാദത്തിൽ. വെള്ളിയാഴ്ച സഹാറൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാനതല കബഡി ടൂർണമെന്റിലാണ് സംഭവം.
സഹാറൻപുരിലെ സ്റ്റേഡിയത്തിന്റെ വൃത്തിഹീനമായ ശുചിമുറിയിലാണ് ഭക്ഷണം വിതരണം ചെയ്തത്.പെൺകുട്ടികൾ ഇവിടെ ഇരുന്ന് ചോറും പൂരിയും കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കായികതാരങ്ങൾക്കായുള്ള ഭക്ഷണം പാചകം ചെയ്തതും ശുചിമുറിയിൽവച്ചാണെന്ന് വീഡിയോയിൽ കാണിക്കുന്നു.
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മൂത്രപ്പുരകളും വാഷ് ബേസിനുകളും കാണുന്നുണ്ട്. എന്നാൽ അധികൃതർ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിശദീകരണം നൽകുന്നത്.
സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വിമ്മിംഗ് പൂളിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിലാണ് ഭക്ഷണം സൂക്ഷിച്ചതെന്നാണ് സഹാറൻപുരിലെ കായിക ഉദ്യോഗസ്ഥൻ അനിമേഷ് സക്സേന അറിയിച്ചത്.
അതേസമയം, രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ ഉന്നത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.