കൊച്ചി: എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ നിശബ്ദയായെന്ന ആരോപണവും സ്വപ്ന തള്ളി. കേസ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നതായാണു മനസിലാക്കുന്നത്.
അതില്‍ തൃപ്തയാണെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാഷ്ട്രീയ താത്പര്യത്തില്‍ ദിവസവും മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു മുഖ്യമന്ത്രിക്കെതിരേ പറയേണ്ടതില്ല.
ഇഡിയുടെ അന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ.
അതേസമയം കേരള പോലീസിനെ ഉപയോഗിച്ചു തന്നെ ഉപദ്രവിക്കാന്‍ ശ്രമം തുടരുകയാണെന്നും സ്വപ്ന ആരോപിച്ചു. തനിക്ക് ബംഗളൂരുവില്‍ ജോലി കിട്ടി.
കേസ് നടപടികള്‍ ഉള്ളതിനാല്‍ അവിടേക്കു മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ജോലി കിട്ടിയതു തടയാനും ഭീഷണിപ്പെടുത്താനും കേരള പോലീസ് വഴി ശ്രമങ്ങള്‍ നടന്നു. ഇതിനെതിരേ ബംഗളൂരു പോലീസ് ഇടപെട്ടതോടെയാണ് ശ്രമങ്ങള്‍ പാളിയത്.
മരണംവരെ ശക്തമായി പോരാടും. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഇഡിക്ക് പരാതി നല്കിയതിനെപ്പറ്റി അറിയില്ല. തന്റെ അറിവോടെയല്ല ഇതു ചെയ്തതെന്നും സ്വപ്ന പറഞ്ഞു.