സ്വന്തം ലേഖകൻ
ചാലക്കുടി: തമിഴ്നാട് അതിർത്തിയിലുള്ള പറന്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളിൽ ഒരു ഷട്ടർ തകർന്നു. പുലർച്ചെ 1.45നാണ് ഷട്ടർ തകർന്ന് ഡാമിൽ നിന്നും ജലം പുഴയിലേക്ക് ഒഴുകിയത്.
ഇതോടെ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് 20,000 ക്യുമെക്സ് വെള്ളം ഒഴുകിയെത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു.
ഇതോടെ പെരിങ്ങൾക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടു. ഇനി രണ്ട് സ്ല്യൂവിസുകൾക്കൂടി തുറക്കാനും സാധ്യതയുണ്ട്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ സംഭരണശേഷിയായ 423 മീറ്റർ വെള്ളം ഉയർന്നതോടെയാണ് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നത്. ചാലക്കുടി പുഴയിൽ ജലവിധാനം വളരെ കുറവായതിനാലാണ് വെള്ളപ്പൊക്ക ഭീഷണി ഒഴിവായത്.
പെരിങ്ങൽക്കുത്ത് ഡാമിലും വെള്ളം കുറവായതിനാൽ എല്ലാ ഷട്ടറുകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ 4.5 മീറ്റർ മുതൽ അഞ്ചുമീറ്റർ വരെ വെള്ളം ഉയരാനെ സാധ്യതയുള്ളൂ.
രാവിലെ പത്തുമണിവരെ പുഴയിൽ കാര്യമായ തോതിൽ ജലം ഉയർന്നിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് പറന്പിക്കുളം ഡാമിൽ നിന്ന് 16,900 ഘനടയടി വെള്ളം തുറന്നുവിട്ടപ്പോൾ ചാലക്കുടി പുഴയിലെ ജലവിധാനം 7.27 മീറ്റർ വരെ ഉയർന്ന് വെള്ളപ്പൊക്ക ഭീഷണിയിൽ നാട്ടിൽ പരിഭ്രാന്തി ഉയർന്നിരുന്നു.
8.1 മീറ്റർ വെള്ളം ഉയർന്നാൽ മാത്രമേ ചാലക്കുടി പുഴ കരകവിയുകയുള്ളൂ. ഇപ്പോൾ ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്.
ഇതേസമയം മീൻ പിടിക്കാനോ, കുളിക്കാനോ പുഴയിൽ ഇറങ്ങരുതെന്നും, പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എന്നാൽ പരിഭ്രാന്തി വേണ്ടെന്നും ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചിട്ടുണ്ട്.
പറന്പിക്കുളം ഡാമിന്റെ തകർന്ന ഷട്ടറിൽ കൂടി വെള്ളം ഒഴുകുന്നതുകൂടാതെ മൂന്ന് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്.