നവാസ് മേത്തർ
തലശേരി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതായി മകൻ ബിനീഷ് കോടിയേരി രാഷ്ട്രദീപികയോട് പറഞ്ഞു.
വന്നതിനേക്കാൾ നല്ല പുരോഗതിയാണ് ചികിത്സയിലൂടെ കൈവന്നിട്ടുള്ളത്. എന്നാൽ, ആശുപത്രി വിടാൻ സമയം എടുക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.
താടി വളർത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളിൽ പങ്കു വച്ചു.
ആദ്യമായാണ് താടി വളർത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തു വരുന്നത്. ഭാര്യ വിനോദിനി ബാലകൃഷണൻ കോടിയേരിയുടെ കൂടെ തോളത്ത് കയ്യിട്ട് ഇരുവരും ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.
ഈ ചിത്രം പുറത്തു വന്നത് കോടിയേരിയെ സ്നേഹിക്കുന്നവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ നവ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്.
കോടിയേരിയുടെ ആരോഗ്യനില അറിയുന്നതിന് ദിവസവും നൂറു കണക്കിന് ഫോൺ കോളുകളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആശുപത്രിയിലേക്കെത്തുന്നത്.
ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ കഴിഞ്ഞ മാസം 30 നാണ് ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.