ചക്കരക്കൽ: ചക്കരക്കൽ മുതുക്കുറ്റി ആശാരി മൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന് നേരേ ബോംബേറ്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് ഓഫീസും പ്രിയദർശിനി മന്ദിരവുമായി പ്രവർത്തിക്കുന്നതിന് നിർമിച്ച കെട്ടിടത്തിന് നേരെയാണ് ബോംബേറ് നടന്നത്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ ബോംബ് എറിയുകയായിരുന്നു.
രണ്ടു ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ തകരുകയും കെട്ടിടത്തിന്റെ ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തകാലത്ത് ഇതിനു സമീപത്തെ രാജീവ് മന്ദിരത്തിന് നേരെ ആക്രമണമുണ്ടായതായും ഇതിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും പോലീസ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് അക്രമം ഉണ്ടാകാൻ കാരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായ ശേഷം ചക്കരക്കൽ ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെയും അക്രമുണ്ടായിരുന്നു.
ബോംബേറിൽ തകർന്ന ഓഫീസ് കെട്ടിടം ഡിഡിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ, എം.സുധാകരൻ, വി.കെ.പ്രജിത്ത്, വി.കെ.ഷാജിത്ത്, എം.കെ. സനൂപ് തുടങ്ങിയവർ സന്ദർശിച്ചു.