ന്യൂഡല്‍ഹി: കൊറോണ ലോകത്തു പരത്തിയ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊറോണയുടെ വകഭേദങ്ങള്‍ മനുഷ്യരാശിക്കു മുന്നില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
എന്നാൽ, കൊറോണ വൈറസിനേക്കാള്‍ പലപ്പോഴും മാരകമായി ബാധിക്കുന്ന മങ്കി പോക്സ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ വലിയ ആശങ്കകളുയര്‍ത്തുന്നതാണ്.
മങ്കി പോക്സ് പരത്തുന്ന വൈറസുകള്‍ തലച്ചോറിനെ മാരകമായി ബാധിക്കുമെന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
മങ്കി പോക്സ് വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി മുക്തനായാലും ദീര്‍ഘകാലം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
സാധാരണ പനി പോലെയായിരിക്കും പ്രാഥമിക ലക്ഷണങ്ങളെങ്കിലും ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും രോഗി കോമയിലേക്കു പോകാനും സാധ്യതയുണ്ട്.
തലവേദന, ചൊറിച്ചിൽ, ലിംഫ് നോഡുകള്‍ക്കു വീക്കം തുടങ്ങിയ ലക്ഷണങ്ങളും മങ്കി പോക്സ് ബാധിച്ച രോഗികളില്‍ കാണാറുണ്ട്.
ചില അവസരങ്ങളില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗം ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്കു രോഗികളെ കൊണ്ടെത്തിക്കുകയും ചെയ്യും.
പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇത്തരം മാനസികാരോഗ്യപ്രശ്നങ്ങള്‍ കാണിച്ച രോഗികളുടെ എണ്ണം കൂടുതലാണ്. ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നു വിദഗ്ധ ഡോക്ടര്‍മാർ.