കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
ഇതോടെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിചരണ നടത്തരുതെന്ന ആവശ്യവും തള്ളി. അതിജീവിതയുടെ ആവശ്യപ്രകാരം രഹസ്യവാദമായിരുന്നു നടന്നത്.
വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം എതിര്‍ത്തു.
കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെരെയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്.
എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ഉന്നയിച്ചത്.