കൊച്ചി: സംസ്ഥാനത്തുടനീളം എന്‍ഐഎ സംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 22ഓളം ദേശീയ നേതാക്കളടക്കമുള്ള സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നതായി വിവരം.
വിവിധ ജില്ലകളില്‍നിന്നും കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചാണ് നടപടി. ഇവരില്‍നിന്നു പിടിച്ചെടുത്ത പെന്‍ഡ്രൈവുകള്‍ അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
കസ്റ്റഡിയിലെടുത്ത ഏതാനും പേരെ നെടുമ്പാശേരി വഴി ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ എന്‍ഐഎ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നിലവില്‍ കൊച്ചിയിലെ ഓഫീസിലെത്തിച്ചവരെ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
മുണ്ടക്കയത്തും പെരുവന്താനത്തും ഈരാറ്റുപേട്ടയിലും നേതാക്കൾ കസ്റ്റഡിയിൽ
കോട്ടയം: എൻഐഎ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായി മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും പെരുവന്താനത്തും പരിശോധന നടന്നു.
ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ എം.എച്ച്. ഷിഹാസ്, മുജീബ് മാങ്കുഴയ്ക്കൽ , എസ്ഡിപിഐ നേതാവും നഗരസഭാ കൗണ്‍സിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻഐഎ കസ്റ്റഡിയിലെടുത്തു.
മൊബൈൽ ഫോണ്‍ അടക്കമുള്ള രേഖകൾ കണ്ടെത്തിയതായാണ് അറിവ്. അർധരാത്രിയോടെ കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയ്ഡ് പുലർച്ചെ അഞ്ചുവരെ നീണ്ടു.
പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻഐഎയ്ക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ മുന്നൂറിലേറെ പോലീസുകാരാണ് സ്ഥലത്തെത്തിയത്.
മുണ്ടക്കയത്ത് പുലർച്ചെ മൂന്നോടെയാണ് എൻഐഎ സംഘം പരിശോധന ആരംഭിച്ചത്.പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
മുണ്ടക്കയം സ്വദേശി നജിമുദീൻ, പെരുവന്താനം സ്വദേശി സൈനുദീൻ ഇയാളുടെ മകൻ എന്നിവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
ഇവരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ടാബും ലാപ്ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ടെന്നു സുചനയുണ്ട്.
വിവിധ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രവർത്തകാർ രംഗത്തെത്തി. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് പരിശോധന.