കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലിക്കു നിർത്തിയ പതിമൂന്നുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ഭാര്യയ്ക്കും ഇടക്കാല ജാമ്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അലിഗഡ് സ്വദേശിയുമായ ഡോ: മിർസ മുഹമ്മദ് ഖാന്, ഭാര്യ റുഹാന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്ന് പുലര്‍ച്ചെ മജിസ്ട്രേറ്റിമുന്നില് ഹാജരാക്കിയിരുന്നു. ചെറിയ കുട്ടി വീട്ടിലുണ്ടെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ഇവരോട് ഇന്ന് കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം മര്‍ദനമേറ്റ ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെ തിരികേ ബന്ധുക്കള്‍ക്കു കൈമാറാനുള്ള ശ്രമവും പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തുന്നുണ്ട്.
കുട്ടിക്ക് അമ്മയില്ല. ഉത്തരേന്ത്യയിലുള്ള ബന്ധുക്കളാണ് ഡോക്ടറുടെ വീട്ടില്‍ എത്തിച്ചത്.നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടിൽ ജോലിക്കായി നിർത്തിയിരിക്കുകയായിരുന്നു.
ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതുകണ്ട അയൽവാസികളാണ് വിവരം ചൈൽഡ് ലൈൻപ്രവർത്തകരെ അറിയിച്ചത്.
ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഡോക്ടറുടെ ഭാര്യ റുഹാനയാണ് തന്നെ മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്കടത്ത്, ബാലവേല തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.