പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയെ വെട്ടിപരിക്കേല്പിച്ച കേസില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂരില്‍ വിദ്യയുടെ വീട്ടിലെത്തിയ സന്തോഷ് ഭാര്യയെ മാരകമായി വെട്ടിപരിക്കേല്പിച്ചത്.
കൊലപാതക ഉദ്ദേശ്യത്തോടെ എത്തിയ ഇയാള്‍ കഴുത്തിനു വെട്ടാനുള്ള ശ്രമം വിദ്യ തടഞ്ഞതോടെ കൈകള്‍ക്ക് ആഴത്തില്‍ മുറിവേറ്റു.
അറ്റുപോയ ഇടതുകൈപ്പത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തത്. വലതു കൈവിരലുകളും അറ്റുപോയിരുന്നു. വിദ്യയുടെ അച്ഛനും വെട്ടേറ്റു.
ആയുധം കണ്ടെടുക്കാൻ
വിദ്യയുടെയും അച്ഛന് വിജയന്റെയും മൊഴി കൂടല്‍ പോലീസ് ഇന്നലെ മെഡിക്കല്‍ കോളജിലെത്തി ശേഖരിച്ചു.
വിദ്യയെ വെട്ടാനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതുള്പ്പെടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിലേക്കാണ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നതെന്ന ്പോലീസ് പറഞ്ഞു.
സംഭവദിവസം പുലര്‍ച്ചെ തന്നെ സന്തോഷിനെ അറസ്റ്റു ചെയ്തിരുന്നു.
കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമം
കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമത്തിനാണ് നിലവില്‍ പോലീസ് കേസുടത്തിരിക്കുന്നത്. ഏഴുവര്‍ഷം മുമ്പാണ് വിദ്യയും സന്തോഷും വിവാഹിതരായത്.
അഞ്ചുവര്‍ഷമായി ഇവര്‍ പിണക്കത്തിലാണെന്ന് പറയുന്നു. വിവാഹ മോചനകേസ് കോടതിയുടെ പരിഗണനയിലാണ്.
വിദ്യയ്ക്കൊപ്പമുള്ള മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് ആക്രമണത്തിനു മുതിര്‍ന്നതെന്നാണ് മൊഴി.