തിരുവല്ല: സ്വന്തമായി ചിട്ടി നടത്തി ആളെ ചേര്‍ത്ത് ലക്ഷങ്ങള്‍ തട്ടിയതിന് അറസ്റ്റിലായ യുവതിയുമായ ബന്ധപ്പെട്ട കേസില്‍ അന്വേഷണം വിപുലപ്പെടുത്തും.
ചങ്ങനാശേരി പെരുന്ന പുത്തൂര്‍പ്പള്ളി കുളത്തുമ്മാട്ടില്‍ സിദ്ദിഖിന്റെ ഭാര്യ ആഷ്ന(36) യെയാണ് തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങൾ തട്ടിയെടുത്തു
തിരുവല്ല കാവുംഭാഗം അഞ്ചല്‍ക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യ ലോലിതയുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്.
ആഷ്ന നടത്തിവന്ന ചിട്ടിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി.
നേരിട്ടും ഗൂഗിൽ പേയിലും
2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും ഏപ്രില്‍ 24 മുതല്‍ 2021 ഡിസംബര്‍ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി, ചങ്ങനാശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് നാലു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
പണം കൈമാറിയതിന്റെ രേഖകള്‍ ബാങ്കില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചു. ആഷ്നയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് പണമിടപാടുകളിലും പോലീസ് അന്വേഷണം നടത്തും.
സമാനമായ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോയെന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് എസ്ഐ നിത്യാ സത്യന് പറഞ്ഞു.