കൊല്ലം: യാത്രക്കാരനായ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി ബസ്. കൊല്ലം കുണ്ടറയിലാണ് സംഭവം.
എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്.
ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ല.
കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്.
തലയ്ക്കും കാലിനും പരിക്കേറ്റ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിച്ചു.