സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയ്ഡും സ്കൂൾ, കോളജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ തീരുമാനം.
അതിർത്തികളിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്ന് റെയ്ഡ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം.
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും.
ഒക്ടോബർ മൂന്നിന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ് മുറികളിൽ കേൾപ്പിക്കണം.
അതിന് സംവിധാനമില്ലാത്ത സ്കൂളുകളിൽ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം.
ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും പിടിഎ-എംപിടിഎ- വികസന സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.
എട്ടു മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഒക്ടോബർ ഒന്പതിന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കണം.
ഒക്ടോബർ 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കണം.
16ന് വൈകുന്നേരം നാലുമുതൽ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. ഒക്ടോബർ 24ന് ദീപാവലിയോടനുബന്ധിച്ച് വീടുകളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കും. ഗ്രന്ഥശാലകളിൽ ഒക്ടോബർ 23, 24 തീയതികളിൽ പ്രത്യേകം പരിപാടികൾ നടത്തും.
നവംബർ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നു മണിമുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തും. പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും.
വിദ്യാലയങ്ങൾ ഇല്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ പരിപാടി നടത്തും. പദ്ധതിയുടെ പ്രചരണത്തിന് 30നും 31നും വിളംബര ജാഥകൾ നടത്തണം.