പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി.
മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പിഎഫ്ഐ നേതാക്കള്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു.
ഏഴു ദിവസം മുമ്പ് നോട്ടീസ് നല്കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പോലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പോലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് കോടതി 29ന് വീണ്ടും പരിഗണിക്കും.