ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കഴിഞ്ഞ ജൂലൈയില്‍ ബിഹാറില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം നടത്തിയെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഖകള്‍ ലഭിച്ചെന്ന്…
കേരളത്തില്‍നിന്ന് വ്യാഴാഴ്ച അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഷഫീക് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഖത്തറിലെ ജോലി ചെയ്തിരുന്ന ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 120 കോടി രൂപ വിദേശത്തുനിന്ന് സമാഹരിച്ചതിന്റെ രേഖകള്‍ ലഭിച്ചെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.
പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കും നേരെ ഒരേസമയം അക്രമം നടത്താനും ഭീകരവാദ സംഘങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്കി. ഈ സംഘങ്ങള്‍ക്കായി മാരകമായ ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ശേഖരിച്ചു.
പട്ന റാലിയില്‍
ജൂലായ് 12ന് പട്നയില്‍ നടന്ന റാലിക്കിടെ മോദിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇഡി ആരോപിച്ചു.
2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ നരേന്ദ്ര മോദി പട്നയില്‍ പങ്കെടുത്ത റാലിക്കിടെ ആക്രമണം ഉണ്ടായിരുന്നു. ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ പിന്നീട് കണ്ടെത്തിയിരുന്നു.
ഖത്തറില്‍ ഉണ്ടായിരുന്ന ഷഫീഖ്, തന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ പോപ്പുലര്‍ ഫ്രണ്ടിന് എത്തിച്ച പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വിനിയോഗിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍.
റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളില്‍നിന്ന് ലഭിച്ച പണം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചതിന്റെ വിശദശാംശങ്ങളും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.