സ്വന്തം ലേഖകൻ
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതു തടയാൻ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ.
ഓപറേഷൻ മേഘ്ചക്ര എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തി.
19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലുമായി 56 ഇടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്. ഇന്റർപോളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ നടപടി.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈൻ സൈറ്റുകളിൽ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്.
ഇവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കുകയാണ് “ഓപറേഷൻ മേഘ്ചക്ര’യിലൂടെ സിബിഐ ലക്ഷ്യമിടുന്നത്.
ഓപറേഷൻ കാർബണ്‍ എന്ന പേരിൽ കഴിഞ്ഞ നവംബറിലും സമാനമായ പരിശോധന നടത്തിയിരുന്നു.