തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് തിരുവനന്തപുരത്ത് എത്താനിരിക്കെ ബിജെപി നേതാക്കൾക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ.
സേവ് ബിജെപി ഫോറം എന്ന പേരിലാണ് തലസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വി.വി രാജേഷ്, സി.ശിവൻകുട്ടി, എം. ഗണേശൻ എന്നിവർക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, ഉത്തരവാദികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ചില സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
അതേസമയം പോസ്റ്ററിന് പിന്നിൽ പാർട്ടിയെ തകർക്കാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ നേതൃത്വം പറഞ്ഞു.
ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് പണികഴിപ്പിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായാണ് ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ തിരുവനന്തപുരത്ത് എത്തുന്നത്.
11,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബഹുനില ഓഫീസ് മന്ദിരം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നടക്കുന്ന പൊതുപരിപാടിയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി വി.മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
വൈകിട്ട് 3ന് കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്ത് ഇന്‍ചാര്‍ജുമാരുടെയും യോഗത്തിലും നദ്ദ പങ്കെടുക്കും.