പുതുക്കാട്: പണിക്കു പോകാനുള്ള മടി മൂലം അവധിക്കായി അച്ഛനെ തെരുവ് നായ ആക്രമിച്ചെന്ന് പ്രചരിപ്പിച്ച മകന്റെ പേരിൽ പരാതി.
വരന്തരപ്പിള്ളി സ്വദേശിയായ യുവാവാണ് അച്ഛനെ തെരുവ് നായ് ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് പുതുക്കാട്ടുള്ള തൊഴിലുടമയോട് പറഞ്ഞത്. വീട്ടിൽ വഴക്കിട്ടതിനെ തുടർന്ന് പണിക്കുപോകാതിരിക്കാനായിരുന്നു ഇത്.
സംഭവമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനൽ പ്രതിനിധികളോടും മകൻ സംഭവം വിശദീകരിച്ചു.
തുടർന്ന് ഫ്ളാഷ് ന്യൂസായി എല്ലാ ചാനലുകളിലും വിവരം എത്തിയപ്പോഴും ഇയാൾ പറഞ്ഞതിൽ ഉറച്ചുനിന്നു.
സംഭവം നേരിട്ടന്വേഷിക്കാൻ മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് വൃദ്ധരായ മാതാപിതാക്കൾ കാര്യമറിയുന്നത്.
എന്നാൽ പഞ്ചായത്ത് അധികൃതർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹം പിന്നീട് ഒരു മരണവീട്ടിലും എത്തി. ഇതോടെ മകൻ പറഞ്ഞ കഥയത്രയും തെറ്റാണെന്ന് ബോധ്യമായി.
ഒരുമാസം മുന്പ് അച്ഛന് തെരുവുനായയുടെ കടിയേറ്റിരുന്നു. താൽക്കാലിക ആവശ്യത്തിനായി മകൻ സംഭവം തിങ്കളാഴ്ച നടന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇയാൾക്കെതിരെ പ്രാദേശിക മാധ്യമ പ്രവർത്തകർ വരന്തരപ്പിള്ളി പോലീസിൽ പരാതി നൽകി.