പാലാ: തേക്കുതടി മോഷ്ടിച്ച കേസിൽ തടിക്കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. പാലാ പൂവരണി താന്നിപ്പൊതിയിൽ വിൻസെന്റി (50)നെയാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്.
തടിക്കച്ചവടക്കാരനായ വിൻസെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാൾക്ക് തേക്കുതടി വിൽക്കുകയായിരുന്നു. ഈ വിൽപ്പന നടത്തിയ തടി തന്നെയാണ് വിൻസെന്റ് മോഷ്ടിച്ചത്.
വിൻസെന്റ് മറ്റൊരാളിൽനിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്. സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാൾക്ക് വിൽപ്പന നടത്തുകയും ചെയ്തു.
തടി എടുക്കാൻ ചെന്ന സമയം ഇതു മോഷണം പോയതായി കാണുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തടി മോഷ്ടിച്ചത് വിൻസന്റ് തന്നെയാണെന്നു കണ്ടെത്തുകയായിരുന്നു.
വിൻസെന്റ് തടി സലീമിനു കച്ചവടം നടത്തിയ അന്നു രാത്രിതന്നെ പിക്കപ്പ് വാനുമായി വന്ന് തടി കടത്തിക്കൊണ്ടു പോകുകയായിരുന്നു.
വാൻ ഡ്രൈവറോട് തന്റെ തടിയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് വിൻസെന്റ് തടി കയറ്റിക്കൊണ്ടു പോയത്.പാലാ സ്റ്റേഷൻ എസ്എച്ച്ഒ കെ.പി. ടോംസണ്, എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐ ബിജു കെ. തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.