കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് അവതാരകയോട് മോശം പെരുമാറ്റം നടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ വിട്ട നടൻ ശ്രീനാഥ് ഭാസിയുടെ രക്തം, മുടി, നഖം എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വൈകിയേക്കുമെന്നു സൂചന.
തിങ്കളാഴ്ച തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ച് ശേഖരിച്ച സാന്പിളുകൾ മരട് പോലീസ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കാണ് പരിശോധനക്കായി കൈമാറിയത്. ഇതിന്റെ പരിശോധനാഫലമാണ് വൈകാൻ സാധ്യതയുള്ളത്.
അഭിമുഖം നടന്ന ദിവസം നടൻ ലഹരി ഉപയോഗിച്ചിരുന്നതായി അവതാരക സംശയം പ്രകടിപ്പിച്ചിരുന്നു. പരാതിക്ക് ആധാരമായ വീഡിയോ ദൃശ്യം പോലീസും കണ്ടിരുന്നു.
നടൻ അഭിമുഖം നടന്ന സമയം ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പോലീസിനും സംശയം ഉയർന്നിരുന്നു. ഇത് ദുരീകരിക്കാനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ ശ്രീനാഥ് ഭാസിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
“ചട്ടന്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് 21ന് മരടിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇ – മെയിൽ വഴി പോലീസിൽ പരാതി നൽകിയത്. യാതൊരു പ്രകോപനമില്ലാതെ തന്നോടും ക്യാമറ ക്രൂവിനോടും പെരുമാറിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
മൊഴി രേഖപ്പെടുത്തും
സംഭവസമയത്ത് അവിടെയുണ്ടായവരായി പരാതിയിൽ പരമാർശിക്കപ്പെട്ടിട്ടുള്ളവരുടെ മൊഴി വരുംദിവസങ്ങളിൽ പോലീസ് രേഖപ്പെടുത്തും.