തമിഴില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങി സരിതാനായര്‍. പുസ്തകരൂപത്തിലാകും ആത്മകഥയിറക്കുക. തമിഴില്‍ ഒരു വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥ സൂപ്പര്‍ഹിറ്റാണ്. സരിതയുടെ ആത്മകഥയുടെ കോപ്പിറൈറ്റ് സ്വന്തമാക്കാന്‍ മലയാളത്തിലെ പ്രസാധകര് മത്സരിക്കുകയാണ്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് അവകാശം നല്‍കുമെന്നാണ് സരിതയുടെ നിലപാട്.
എഴുത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ എന്നു പൂര്‍ത്തിയാകുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ പുസ്തകം സ്വയം പ്രസിദ്ധീകരിച്ചേക്കാം-സരിത പറയുന്നു. താന്‍ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പുസ്തകത്തിലുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ആത്മകഥ സ്ത്രീകള്‍ക്കു മുന്നറിയിപ്പായിരിക്കും. സ്ത്രീകള്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതില്‍ വൃാപൃതരാണ്. തന്റെ അനുഭവം ഏവര്‍ക്കും മുന്നറിയിപ്പാണ്.
അതേസമയം, പുസ്തകത്തിന്റെ കോപ്പിറൈറ്റിനായി സരിത ലക്ഷങ്ങളാണ് ചോദിക്കുന്നത്. പ്രമുഖരായ നാലോളം പ്രസാധകര് കോപ്പിറൈറ്റിനായി അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തമിഴില്‍ സരിതയുടെ ആത്മകഥയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.