കൊച്ചി: കാമുകിയെ വിട്ടുകിട്ടാന്‍ യുവാവു നല്കിയ ഹര്‍ജിയില്‍ താന്‍ മുമ്പ് വിവാഹിതനാണെന്നും ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചത് ഗുരുതരമായ വീഴ്ചയാണെന്നു വിലയിരുത്തിയ ഹൈക്കോടതി 25,000 രൂപ കോടതിച്ചെലവായി ഒരാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്ന് വ്യക്തമാക്കി കേസ് ഒക്ടോബർ ഏഴിലേക്ക് മാറ്റി.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീര്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകിയെ പിതാവും സഹോദരനും ചേര്‍ന്ന് തടവിലാക്കിയെന്നും ഇവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഷമീര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജിയില്‍ കോടതിയുടെ നടപടി തുടങ്ങിയശേഷമാണ് നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതാണെന്നും തിരുവനന്തപുരം കുടുംബക്കോടതിയില്‍ അവര്‍ വിവാഹമോചന കേസ് നല്‍കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് വെളിപ്പെടുത്തിയത്.
വിവാഹമോചനത്തിന് എതിര്‍പ്പില്ലെന്ന് കുടുംബക്കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ വിവാഹമോചനം അനുവദിച്ചു കിട്ടുമെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.
ഇതിനിടെ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ സഹായത്തോടെ യുവതിയുമായി ഡിവിഷന് ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന സംസാരിച്ചു.
ഹര്‍ജിക്കാരനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും തന്നെ തടവിലാക്കിയിരിക്കുകയാണെന്നും യുവതി വ്യക്തമാക്കി.
സംഭവത്തില്‍ നിരുപാധികം മാപ്പു ചോദിച്ച ഷമീര്‍ പിഴയൊടുക്കാന്‍ തയാറാണെന്നും അറിയിച്ചു. നിര്‍ണായക വിവരം മറച്ചുവച്ച സാഹചര്യത്തില്‍ സാധാരണഗതിയില്‍ ഹര്‍ജി തള്ളേണ്ടതാണെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍ കേസിന്റെ സാഹചര്യം കണക്കിലെടുത്ത് പിഴ ചുമത്തുകയാണെന്നും തുക ഒരാഴ്ചയ്ക്കുള്ളില്‍ അടച്ചില്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി.