സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെ ഒന്നാകെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്.
എന്തും ഏതിനും വീട്ടുകാരെ പറയുന്ന ഒരു വിഭാഗം സ്വൈര്യമായി ജീവിക്കാന്‍ തങ്ങളെ സമ്മതിക്കുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അഭിരാമി പറയുന്നു.
അഭിരാമിയുടെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മുന്‍ഭര്‍ത്താവ് ബാലയുടെയും ഇപ്പോഴത്തെ പങ്കാളി ഗോപിസുന്ദറിന്റെയും ജീവിതത്തില്‍ എന്തിനാണ് മറ്റുള്ളവര്‍ ഇടപെടുന്നതെന്നും ഗായിക ചോദിക്കുന്നു.
വിവാഹമോചനത്തിനു ശേഷം എന്റെ ചേച്ചിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു പോകുന്നുണ്ടെന്നും അത് അവരുടെ സ്വാതന്ത്യമാണെന്നും അഭിരാമി പറയുന്നു.
എന്റെയോ മറ്റുള്ളവരുടേയോ വീടിന്റെ അകത്തു നടക്കുന്ന കാര്യവും അവരെന്തു ചെയ്യണമെന്നുള്ള നിര്‍ദ്ദേവും ശരിയല്ല തെറ്റാണെന്നു തോന്നിയാല്‍ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കില്‍ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും.
വീഴ്ചകള്‍ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസ്സുകള്‍. കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുമായി വഴിയരികില്‍ നിന്നാല്‍ ഒന്നെങ്കില്‍ ചാട്ടവാറിന് അടി, അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്, അല്ലെങ്കില്‍ കല്യാണം. കൂട്ടുകാരുമായി സംസാരിക്കാനൊന്നും വകുപ്പില്ല. ഇതെന്തൊരു ഗതിയാണ്.
ഓരോ കാരണങ്ങളാല്‍ അടുക്കുകയും അകലുകയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഇവന് ശരി, അവന് ശരി എന്നു പറയാന്‍ ആര് നിങ്ങള്‍ക്ക് അധികാരം തന്നു? മറ്റൊരാളുടെ സ്വകാര്യജീവിതം നന്നാക്കി എടുക്കാന്‍ സോഷ്യല്‍ മീഡിയ ടൂള്സുമായി ഇറങ്ങി അസഭ്യം പറയാനും അതിനു ചുക്കാന്‍ പിടിക്കാനും ആര് നിങ്ങള്‍ക്ക് അധികാരം തന്നു?
അത് ഓര്‍ക്കുക, ഇത് ഓര്‍ക്കുക, എന്തൊരു കഷ്ടമാണ്, എന്തൊരു അവസ്ഥയാണ്, പ്രഹസനം, നിങ്ങളേക്കാള്‍ ഇത് നൂറുവട്ടം ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കു മുതിര്‍ന്നവരായി തന്നെ നിലകൊള്ളാനുള്ള സ്വാതന്ത്ര്യം നല്കു.
വിവാഹമോചനത്തിനു ശേഷം എന്റെ ചേച്ചിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു നയിക്കുന്നു. അത് അവരുടെ ജീവിത സ്വാതന്ത്ര്യം.
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവരുടെ പേര് ഇവിടെ ഇടുന്നതെന്തിന്? പല പ്രശ്നങ്ങള്‍ കാരണമായിരിക്കും അവരും ഇവരുമൊക്കെ പിരിയുന്നത്.
അതില്‍ നന്മ പഠിപ്പിക്കാന്‍ ഇടയില്‍ കയറി വന്ന് പരിഹസിക്കാനും പരദൂഷണം പറയാനും വരുന്ന നിങ്ങളുടെ രീതികള്‍ മാറ്റുക.
പിന്നെ നിരാശ കാണിച്ചു നടന്നാലെ വേദന നിങ്ങള്‍ കാണുകയുള്ളുവെങ്കില്‍ ആ വേദന കണ്ടുകൊണ്ടുള്ള സിംപതി വേണ്ട.
ഈ പേരുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടോ? എങ്ങനെ ജീവിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കാനും വിലയിരുത്താനും നിങ്ങളാരാണ്?
നാട്ടിലെ കാരണവന്മാര് കഥയറിഞ്ഞ ശേഷം ഉപദേശിക്കുക. നമ്മളൊക്കെ ഈ കാലഘട്ടത്തില്‍ കിടന്ന് ഇങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നു തോന്നുന്നുണ്ടോ?
സ്വതന്ത്രമാവുക, ജീവിക്കുക. ആളുകള്‍ സന്തുഷ്ടരായിരിക്കുന്നതില്‍ സന്തോഷിക്കൂ. ലോകത്തെയും അതിന്റെ മാറ്റങ്ങളെയും അംഗീകരിക്കാന്‍ തുറന്ന മനസ്സ് ഉണ്ടായിരിക്കട്ടെ നിങ്ങള്‍ക്ക്. അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, ഒരുമിച്ചു ജീവിക്കട്ടെ. അല്ലെങ്കില്‍ എന്തും ചെയ്യട്ടെ.
അവരുടെ വ്യക്തിപരമായ ജീവിതം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം? അവര്‍ മുതിര്‍ന്നവരാണ്.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനും ഉദാഹരണങ്ങള്‍ നിരത്തുന്നതിനു പകരം മറ്റുള്ളവരെ ബഹുമാനിക്കാന്‍ ശ്രമിക്കുക. അവരുടെ കാര്യത്തില്‍ നിങ്ങള്‍ക്കു താല്പര്യമില്ലെങ്കില് മാറി നില്ക്കുക. അതിനെയാണ് വിവേകം എന്നു പറയുന്നത്’