തിരുവനന്തപുരം: കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ കര്‍ശനനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികള്‍ സംബന്ധിച്ച വിശദമായ സർക്കുലർ ഡിജിപി ഉടന്‍ പുറത്തിറക്കും.
കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികൾക്കുമാണ് സംസ്ഥാനത്ത് തുടർനടപടികൾക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കും.
ഇന്നുതന്നെ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യുമെന്നാണറിയുന്നത്. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം, മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്.
നിരോധനത്തിനുശേഷമുള്ള തുടർനടപടികൾ മിക്ക സംസ്ഥാനങ്ങളിലും ഇന്നാരംഭിക്കും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും.
നിരോധനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രവർത്തനങ്ങളും സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്, ഓള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂണിയര്‍ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്നടക്കമുള്ള കാര്യങ്ങൾ ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.