തൃശൂർ: 500 കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശികളായ രണ്ടുപേരെ ഈസ്റ്റ് പോലീസ് കോയന്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ വടക്കാഞ്ചേരി പുന്നംപുറന്പ് സ്വദേശി കണ്ടാരത്ത് വീട്ടിൽ മലാക്ക രാജേഷ്(46), സ്ഥാപനത്തിന്റെ പ്രമോട്ടർ അരണാട്ടുകര പല്ലിശേരി വീട്ടിൽ ഷിജോ പോൾ(45) എന്നിവരെയാണ് ഈസ്റ്റ് സിഐ പി. ലാൽകുമാറും സംഘവും കോയന്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്നു പിടികൂടിയത്.
സ്ഥാപനത്തിന്റെ മറ്റു പ്രമോട്ടർമാരായ മലപ്പുറം കാളികാവ് പാലക്കാതൊടി മുഹമ്മദ് ഫൈസൽ, തൃശൂർ പെരിങ്ങോട്ടുകര കുന്നത്തുപടിക്കൽ കെ.ആർ. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവരെ അന്വേഷിച്ചു വരികയാണ്.
പത്തു മാസംകൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്നു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ടോൾ ഡീൽ വെഞ്ചേഴ്സ് എൽഎൽപി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ കന്പനികളുടെ പേരിലാണ് നിക്ഷേപം വാങ്ങിയിരുന്നത്.
കമ്മീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം കോയന്പത്തൂർ പോലീസിന്റെ സഹായത്തോടെ തൃശൂർ ഈസ്റ്റ്, വെസ്റ്റ് സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
കോയന്പത്തൂരിൽ 40,000 രൂപ വാടകയുള്ള വീട്ടിൽ തോക്കുമായി അംഗരക്ഷകരെ വച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. 55,000 രൂപ നഷ്ടപ്പെട്ട സംഭവത്തിൽ പഴുവിൽ സ്വദേശിയും 1,11,000 രൂപ നഷ്ടപ്പെട്ടതിന് കല്ലൂർ സ്വദേശിയും നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പുസംഘത്തെ പിടികൂടിയത്.
ഒരു ലക്ഷം രൂപയ്ക്കു പ്രതിമാസം പതിനെണ്ണായിരം രൂപ പലിശ നൽകാമെന്നും ഇവർ നിക്ഷേപകരോടു പറഞ്ഞിരുന്നു. ക്രിപ്റ്റോ കറൻസി വിനിമയം, സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ ട്രേഡിംഗ് എന്നിവയിൽ നിക്ഷേപിക്കാനെന്നു പറഞ്ഞായിരുന്നു പ്രതികൾ കോടികൾ സമാഹരിച്ചത്.
പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ പ്രതികൾ നാടുവിട്ടു. മുപ്പതിനായിരത്തിലധികം ആളുകളിൽനിന്ന് ഇവർ ഇങ്ങനെ പണം തട്ടിയത്രേ.
വലിയ ഹോട്ടലുകളിലാണ് ഇവർ നിക്ഷേപകരുടെ യോഗം സംഘടിപ്പിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കോയന്പത്തൂരിൽ ഉണ്ടെന്നു രഹസ്യവിവരം കിട്ടിയത്.
രാജേഷ് മാത്രം അന്പതു കോടി രൂപയോളം സമാഹരിച്ചിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. നിക്ഷേപം കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായിൽ എട്ടു സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയതായും കണ്ടെത്തി.
വടകരയിൽ സ്വർണാഭരണ ശാല തുടങ്ങാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായും മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ അറസ്റ്റിലായതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുമെന്നാണു പോലീസിന്റെ പ്രതീക്ഷ.