ഫോർട്ട്മയേഴ്സ് (ഫ്ളോറിഡ): ഫ്ളോറിഡ ഫോർട്ട്മയേഴ്സിൽ ഇയാൻ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാൻ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റു ചെയ്തു.
ഫോർട്ട്മേയേഴ്സ് ബീച്ച് കവർച്ച ചെയ്യാനെത്തിയ യുവാക്കളെ കൈവിലങ്ങ് വച്ചു ബീച്ചിനു സമീപം ഇരുത്തിയതായി സെപ്റ്റംബർ 30 വ്യാഴാഴ്ച പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
തകർന്നടിഞ്ഞ കെട്ടിട കൂന്പാരങ്ങളിൽ നിന്നു മോഷണം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജയിൽ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പരിസര പ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനിൽ മോഷണം നടത്താൻ ശ്രമിച്ചവരെ കൈയോാടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
ചുഴലിയുടെ ദുരന്തം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമർജൻസി ജീവനക്കാരെയാണു ഫ്ളോറിഡയിൽ വിന്യസിച്ചിട്ടുള്ളത്.
ചുഴലിക്കു മുൻപ് ഒഴിഞ്ഞു പോകണമെന്ന നിർദേശം അധികൃതർ നൽകിയിരുന്നുവെങ്കിലും പലരും അവരുടെ വീടുകൾ വിട്ടുപോകാൻ തയ്യാറാകാതിരുന്നത് കൂടുതൽ അപകടം വരുത്തിവച്ചതായും അധികൃതർ പറഞ്ഞു.
ഇയാൻ ചുഴലിയിൽ എത്രമാത്രം നാശനഷ്ടം സംഭവിച്ചുവെന്നതിന്റെ കണക്കെടുപ്പുകൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.