മാന്നാർ: അപരൻ കാരണം എം. ലിജുവിനു നേരിയ പ്രയാസങ്ങൾ ഉണ്ടായെങ്കിലും നേരിൽ കണ്ടപ്പോൾ എല്ലാം മാറി. അപരനെ കാണാൻ ലിജു നേരിട്ട് മാന്നാറിലെ കോശിയുടെ വീട്ടിലെത്തി.
കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ എം. ലിജുവാണ് തന്റെ അപരനെ കാണാൻ നേരിട്ടെത്തിയത്.
കോൺഗ്രസ് മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി പൂവടിശേരിൽ കോശി മാന്നാറിനെയാണ് വലിയകുളങ്ങരയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമത്തിൽ വച്ച് എം. ലിജു കണ്ടുമുട്ടിയത്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കായംകുളം മുതൽ ഹരിപ്പാട് വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജാഥ അംഗങ്ങളിൽ പ്രവാസിയായ കോശിയും ഉണ്ടായിരുന്നു.
വഴിയരികിൽനിന്ന് പ്രവർത്തകർ എല്ലാം ലിജു ആണെന്നു കരുതി ഒപ്പംകൂടുകയും സംസാരിക്കുകയും ചെയ്തിരുന്നു. ചിലയാളുകളെ ഗൗനിച്ചില്ല എന്ന പരാതി ലിജുവിന്റെ ചെവിയിലും എത്തി.
അങ്ങനെയാണ് യഥാർഥ ലിജു അപരനായ കോശിയെ കാണാൻ എത്തിയത്. ലിജുവാണെന്ന് കരുതി കോശി മാന്നാറിനോടും ചിലർ കാര്യങ്ങൾ പറയുകയും അല്ലെന്നറിയുമ്പോൾ അബദ്ധംപറ്റി പിൻതിരിഞ്ഞു പോയ നിരവധി അനുഭവങ്ങൾ കോശിയും പങ്കുവച്ചു.