സ്വന്തം ലേഖകൻ
തൃശൂർ: കാമറാ കണ്ണുകളുടെ ജാഗ്രത, പോലീസിന്റെ കൃത്യമായ ഇടപെടലും; ഉടമയ്ക്കു തിരിച്ചുകിട്ടിയതു നഷ്ടപ്പെട്ടെന്നു കരുതിയ 20 പവന്റെ സ്വർണാഭരണങ്ങൾ.
പെരിങ്ങാവിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബം സ്വദേശത്തേക്കു വീടുപൂട്ടി പോകുമ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും കൈയിലെടുക്കുകയായിരുന്നു.
കുറ്റിപ്പുറത്തേക്കുള്ള ദീർഘദൂര ബസിൽ കയറിയപ്പോഴാണ് സ്വർണം സൂക്ഷിച്ച ബാഗ് കാണാനില്ലെന്നു മനസിലായത്. ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നതാണ്. ഓടിച്ചെന്നപ്പോഴേക്കും ഒാട്ടോറിക്ഷ പോയിരുന്നു. ഉടനടി തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എസ്ഐ ഉണ്ണികൃഷ്ണൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സഞ്ചരിച്ച ഓട്ടോയുടെ അടയാളങ്ങളോ നമ്പറോ അറിയില്ലായിരുന്നു. ഒാട്ടോ സഞ്ചരിച്ച വഴി പോലീസ് ചോദിച്ചറിഞ്ഞു.
ചെമ്പൂക്കാവിൽനിന്ന് പാറേമക്കാവ് ക്ഷേത്ര പരിസരത്ത് എത്തുന്നതിനിടെ പിറികിൽ ഒരു അനൗൺസ്മെന്റ് വാഹനമുണ്ടായിരുന്നതു കുടുംബം ഒാർത്തെടുത്തു.
തുടർന്ന് ലഭ്യമായ വിവരങ്ങൾ പോലീസിന്റെ കാമറ നിരീക്ഷണ വിഭാഗത്തിനു കൈമാറി.സഞ്ചരിച്ച സമയം മനസിലാക്കി കാമറ ദൃശ്യങ്ങൾ ഓരോന്നായി പരിശോധിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ അതുവഴി സഞ്ചരിച്ച മുഴുവൻ ഓട്ടോറിക്ഷകളുടേയും രജിസ്ട്രേഷൻ നമ്പറുകൾ ശേഖരിക്കാനായി.
രജിസ്ട്രേഷൻ രഖകളിൽനിന്ന് ഓട്ടോയുടമയുടെയും ഡ്രൈവർമാരുടേയും മൊബൈൽ ഫോൺ നമ്പറുകളും ലഭിച്ചു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചതോടെ സ്വർണം നഷ്ടപ്പെട്ടവർ സഞ്ചരിച്ച ഓട്ടോ കൃത്യമായി മനസിലാക്കി.
ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് കൺട്രോൾ റൂമിലേക്ക് എത്താൻ ആവശ്യപ്പെട്ടു. അല്പസമയത്തിനകം ഒാട്ടോയെത്തി. ഓട്ടോയിൽ സ്വർണമടങ്ങിയ ബാഗ് ഉള്ളത് ഡ്രൈവർ അറിഞ്ഞിരുന്നില്ല.
ഉടനടി പോലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉടമയ്ക്കു ബാഗ് കൈമാറി.
കോർപറേഷന്റെ സഹകരണത്തോടെ തൃശൂർ സിറ്റി പോലീസ് നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച കാമറ നിരീക്ഷണ സംവിധാനവും പോലീസ് ഇടപെടലുമാണ് ആഭരണങ്ങൾ തിരിച്ചുകിട്ടാൻ സഹായകമായത്.
ആഭരണങ്ങൾ കണ്ടെത്താൻ പ്രയത്നിച്ച സിപിഒമാരായ രജത്ത് സി. സുരേഷ്, ഐ.ആർ. അതുൽശങ്കർ, പി.എം. അഭിലായ്, ജിതിൻ രാജ്, പി. ജിതിൻ എന്നിവരെ സിറ്റി പോലീസ് അഭിനന്ദിച്ചു.