തിരുവനന്തപുരം: ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി കിതയ്ക്കുമ്പോഴാണ് ഒരുവിഭാഗം ജീവനക്കാരുടെ പെരുമാറ്റവും ഇപ്പോൾ ചർച്ചയാകുന്നത്.
‘കെഎസ്ആർടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം’ എന്ന കുറിപ്പ് പങ്കിടുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരൻ.
ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ തങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്നാണ് കെഎസ്ആർടിസി എംഡിയോട് ഇയാൾ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട.
പറ്റുമോ? 5,000ത്തിന് മുകളിൽ കലക്ഷൻ വന്നാൽ പിന്നീടുള്ള കലക്ഷന് 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാൽ കലക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം.
തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്.
ആദ്യം പണിയെടുക്കൂ… എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം…
എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.