അനുമോൾ ജോയ്
ഓർമകളുടെ പുളിയും മധുരവും നിറഞ്ഞ നാട്ടുമാന്തോപ്പുകൾ. രൂപ വൈഭവംകൊണ്ടും രുചിവൈഭവംകൊണ്ടും നാവിൽ കൊതി നിറയ്ക്കുന്നവയാണ് നാട്ടുമാമ്പഴങ്ങൾ.
നാട്ടിൻപുറങ്ങളിലായാൽ പോലും ഇന്ന് ഈ മാവുകൾ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ലെന്നതാണ് വാസ്തവം.
എന്നാൽ, വിവിധ നാട്ടുമാവുകളുടെ രുചികൾ നിറഞ്ഞ ഒരു ഗ്രാമമുണ്ട് കണ്ണൂരിൽ. ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക ഗ്രാമമായ കണ്ണപുരം ഗ്രാമം. ലോകത്തുതന്നെ നൂറിലധികം നാട്ടുമാവുകള്‍ സ്വാഭാവിക നിലയില്‍ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്ററാണ് കണ്ണപുരം ചുണ്ട കുറുവക്കാവ് പരിസരം.
കണ്ണപുരം മാങ്ങ, വെല്ലത്താന്‍, മൂവാണ്ടന്‍, മധുരക്കോട്ടി, മഞ്ഞ ചോപ്പന്, വടക്കന്‍ മധുര കടുക്കാച്ചി അങ്ങനെ എണ്ണിയാല്‍ തീരാത്ത മാവിനങ്ങളുണ്ട് ഇവിടെ.
കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 500ല്‍ അധികം മാവുകളില്‍ വൈവിധ്യമാര്‍ന്ന 107 നാട്ടുമാവിനങ്ങള്‍ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടു മാഞ്ചോട്ടില്‍ കൂട്ടായ്മ കഴിഞ്ഞ അഞ്ചുവര്‍ഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും ചിത്രം സഹിതം ഓരോ ഇനങ്ങളെ തരംതിരിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിരുന്നു.
203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് കണ്ണപുരത്ത് ഇതുവരെ പഠനം നടത്തിയത്. മാമ്പഴം രുചിച്ച് നോക്കിയ ശേഷമായിരുന്നു നാമകരണം.
കുറുവക്കാവിന്റെ പരിസരത്തെ ഇരുപതോളം വീടുകളില്‍ സംരക്ഷിച്ചുവരുന്ന നൂറില്‍ അധികം ഇനം മാവുകള്‍ക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്തിട്ടുണ്ട്.
ഒരു മാവ് മുറിച്ചതിന്റെ പ്രതികാരം
200 വർഷം പഴക്കമുള്ള തേനൂറുന്ന മാമ്പഴമായ വെല്ലത്താൻ മാവ് വർഷങ്ങൾക്ക് മുന്നെ മുറിച്ചു മാറ്റിയിരുന്നു. മറ്റൊരിടത്തും കാണാത്തതായിരുന്നു പ്രാദേശികമായി വിളിപ്പേരുള്ള വെല്ലത്താൻ മാവ്.
എന്നാൽ, ഈ മാവ് മുറിച്ച് മാറ്റിയതോടെ ഇതിന്റെ ഇനം നഷ്ടപെടുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് നാട്ടുമാവ് സംരക്ഷിക്കപ്പെടണം എന്ന ആശയം വന്നത്.
പിന്നീടാണ് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മക്ക് രൂപം നൽകിയത്. വീണ് നശിക്കുന്നതും കാക്ക കൊത്തി നശിപ്പിക്കുന്നതുമായ മാങ്ങകൾ ഉപയോഗയോഗ്യമാക്കുക, മാങ്ങയുടെ വിവിധ തരത്തിലുള്ള സംസ്കരണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക, നാട്ടുമാവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികപ്രവർത്തനങ്ങളും ജനകീയവത്കരിക്കുക, നാട്ടുമാവിൻതൈകൾ വിദ്യാർഥികളെ ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്യുക എന്നിവയാണ് ഇവരുടെ പ്രവർത്തനങ്ങൾ. വർഷങ്ങൾ പഴക്കമുള്ള നാട്ടുമാവുകളാണ് കണ്ണപുരത്ത് ഉള്ളവയിൽ ഏറെയും.
ഏതെങ്കിലും സാഹചര്യത്തിൽ ഈ മാവുകൾക്ക് നാശം സംഭവിച്ചാൽ ആ ഇനം നശിക്കാതിരിക്കാൻ സാംപിളുകൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ചുവച്ചിട്ടുമുണ്ട്.
മലബാറിൽ വരുന്നു ചെറുമാന്തോപ്പ്
മലബാർ മേഖലയിൽ 50 ഹെക്ടർ സ്ഥലത്ത് നാട്ടുമാവുകളെ സംരക്ഷിക്കാനായി ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു. നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണിത്.
തുടക്കത്തിൽ പത്ത് ചെറുമാന്തോപ്പുകളാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ, പിന്നീട് പല കാരണങ്ങൾ കൊണ്ടും ഇത് നിന്നുപോയി.
തുടർന്നാണ് പദ്ധതി കുറച്ച് കൂടി വിപുലീകരിച്ച് കണ്ണൂർ യൂണിവേഴ്സിറ്റുമായി സഹകരിച്ച് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 50 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കാൻ തീരുമാനിച്ചത്.
യൂണിവേഴ്സിറ്റിയുടെ കീഴിൽവരുന്ന നൂറോളം കോളജുകളിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യ പ്രവർത്തനങ്ങൾ ഈ മാസം ആറിന് ചിറക്കൽ മാങ്കോ പാർക്കിൽ ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.
ചെറുമാന്തോപ്പ് എന്ന് നാട്ടുമാവുകളെ സംരക്ഷിക്കുന്ന തോട്ടങ്ങളായിരിക്കും. കൂടാതെ ആളുകൾക്ക് ഒത്തുചേരാനുള്ള കേന്ദ്രം എന്ന രീതിയിലായിരുക്കും ഇത് നിർമിക്കുക. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്ത് ഒരു ലാൻഡ്സ്കേപിംഗ് ഡിസൈനിംഗും ആർക്കിടെക്ചറൽ ഡിസൈനിംഗും ചെയ്ത ശേഷമായിരിക്കും ചെറുമാന്തോപ്പുകളുടെ നിർമാണം തുടങ്ങുക.
50 സെന്റ് സ്ഥലത്താണ് ഒരു ചെറുമാന്തോപ്പ് നിർമിക്കുക. സ്വകാര്യ വ്യക്തികൾ താത്പര്യത്തോടെ വന്നാൽ അവിടെയും പൊതുസ്ഥലങ്ങളിൽ നിർമിക്കാൻ സാധിച്ചാൽ അവിടെയുമായിരിക്കും ചെറുമാന്തോപ്പുകൾ നിർമിക്കുക.
ആദ്യഘട്ടത്തിൽ കാന്പസുകളിൽ
ആദ്യഘട്ടത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കാന്പസുകളിൽ 25ഓളം ചെറുമാന്തോപ്പുകൾ നിർമിക്കാനാണ് തീരുമാനം. കാന്പസുകളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമാണം തുടങ്ങും.
ചെറുമാന്തോപ്പുകൾ ഉണ്ടാക്കാനാവശ്യമായ തൈകൾ വിദ്യാർഥികളെ കൊണ്ട് ശേഖരിക്കും. 5000ത്തോളം തൈകൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അവർ ശേഖരിച്ചുകൊണ്ട് വരുന്ന തൈകളിൽ വിവിധ ഇനങ്ങളിൽപ്പെട്ട നാടൻമാവുകൾ ഒട്ടിച്ചെടുക്കും. ഒക്ടോബർ അവസാന വാരത്തോടെ തൈകൾ ഒട്ടിക്കുന്ന നടപടികൾ ആരംഭിക്കും.
വിവിധ കോളജുകളിലെ ബോട്ടണി വിദ്യാർഥികളെയും കേരളത്തിലെ വിവിധ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വിദഗ്ധരായ തൊഴിലാളികളെയും കോർത്തിണക്കി ഒരു ഗ്രാഫ്റ്റിംഗ് ക്യാന്പ് നടത്തും. പിന്നീട് ഒരു മാസക്കാലം തൈകൾക്ക് വളരാനുള്ള സമയമാണ്.
ഈ കാലയളവിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമാണ നടപടി ആരംഭിക്കും. ചെറുമാന്തോപ്പ് നല്ല രീതിയിൽ കൊണ്ടുപോകാൻ വിദ്യാർഥികളിൽ ബോധവത്കരണവും നടത്തും.
ഡിസംബർ മാസത്തോടെ തൈകൾ നടുന്ന നടപടികൾ ആരംഭിക്കും. ഒരു തോട്ടത്തിൽ 30 മുതൽ 50 വരെയുള്ള നാട്ടുമാവ് ഇനങ്ങൾ സംരക്ഷിക്കപ്പെടും.
കണ്ണപുരത്ത് ഓപ്പൺ നാട്ടുമാവ് പൈതൃക മ്യൂസിയം
നാട്ടുമാവ് പൈതൃക ഗ്രാമമായ കണ്ണപുരം ചുണ്ടയിൽ ഓപ്പൺ നാട്ടുമാവ് പൈതൃകം തുടങ്ങും. ഡിസംബറോടെ ഇതിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.
നൂറോളം വ്യത്യസ്തയിനം നാട്ടുമാവുകളുള്ള പ്രദേശത്താണ് ഇത് തുടങ്ങുക. 200 വർഷത്തിനു മുകളിൽ പഴക്കമുള്ള മാവുകളാണ് ഇവിടെയുള്ളത്.
ഇവിടെ ആര് വന്നാലും മാവിനെക്കുറിച്ച് പഠിക്കാനുതകുന്ന രീതിയിലാണ് മ്യൂസിയം തയാറാക്കുന്നത്.
ഒരു നാടിനെ ഒരു പാർക്കാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേർസി ക്രോപ്സ് എന്ന് പറയുന്ന ചാരിറ്റബിൾ ട്രസ്റ്റാണ് ഇതിന് ആവശ്യമായ ചിലവുകൾ വഹിക്കുന്നത്.