വൈപ്പിന്‍: ചൂണ്ട വള്ളങ്ങള്‍ക്കും ഒഴുക്ക് വലയിടുന്ന വള്ളങ്ങള്‍ക്കും ഈ സീസണില്‍ വിവിധ ഇനം തിരണ്ടി മത്സ്യങ്ങള്‍ വ്യാപകമായി ലഭിച്ചു തുടങ്ങി.
പുള്ളി തിരണ്ടി, കാക്ക തിരണ്ടി, കൊമ്പന് തിരണ്ടി, പടവന്, ഇരുമൂക്കന് തുടങ്ങിയ ഇനങ്ങളിലുള്ള തിരണ്ടികളാണ് മറ്റ് മത്സ്യങ്ങള്‍ക്കൊപ്പം വള്ളക്കാര് പിടികൂടി കരയിലെത്തിക്കുന്നത്.
രൂപത്തിലുള്ള ചെറിയ വ്യത്യാസങ്ങളും ഉടലിലുള്ള ഡിസൈനുകളുമൊക്കെ കണ്ടാണ് ഇവറ്റകളെ ഏത് ഇനമെന്ന് തിരിച്ചറിയുന്നത്. ആഴക്കടലിലാണ് വാസം.
50 കിലോ മുതല്‍ 200 കിലോ വരെ തൂക്കമുള്ള തിരണ്ടികള്‍ ഇപ്പോള്‍ ഹാര്ബറുകളിലെത്തുന്നുണ്ട്. ഹാര്‍ബറുകളില്‍ കിലോവിനു നൂറില്‍ താഴെ വില വരുകയുള്ളു.
കച്ചവടക്കാര്‍ ഇത് ലേലത്തില്‍ വാങ്ങി അവിടെയിട്ട് തന്നെ മുറിച്ച് ഐസ് വിതറി മാര്ക്കറ്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്.
മാര്‍ക്കറ്റുകളില്‍ ഒരു കിലോ തിരണ്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ 200 രൂപമുതല്‍ 300 രൂപവരെ നല്‍കേണ്ടി വരും.
അതേ സമയം കാക്ക തിരണ്ടിയാണെങ്കില് രൂചിയും ഗുണവും കൂടുതലായതിനാല്‍ വിലയും അല്‍പ്പം കൂടുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.