പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കുട്ടികളുടെയും അധ്യാപകന്‍റെയും മൃതദേഹം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു.
എല്‍ന ജോസ്, ക്രിസ്വിന്‍റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവേല്‍, അധ്യാപകന്‍ വിഷ്ണു എന്നിവരുടെ മൃതദേഹമാണ് സ്‌കൂളിലെത്തിച്ചത്.
ബുധനാഴ്ച സ്‌കൂളില്‍നിന്നു നിറചിരിയോടെ വിനോദയാത്രയ്ക്കുപോയ കുട്ടികളുടെ ചേതനയറ്റ ശരീരം സ്‌കൂളിലെത്തിയപ്പോള്‍ നാടു മുഴുവന്‍ കണ്ണീര്‍ക്കടലായി മാറി.
അപ്രതീക്ഷിതമായുള്ള കുട്ടികളുടെ വിയോഗം താങ്ങാനാവാതെ രക്ഷിതാക്കളും ബന്ധുക്കളും വാവിട്ടു കരഞ്ഞു.
അന്തിമോപചാരമര്‍പ്പിക്കാനെത്തിയ നാട്ടുകാരില്‍ പലരും കണ്ണീരടക്കിപിടിച്ചാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്ഥലത്തെത്തി.
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.
കൊട്ടാരക്കര-കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ബസുകള്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.