സന്തോഷ് പ്രിയൻ
കൊല്ലം: വടക്കാഞ്ചേരി ബസ് അപകടം കൊല്ലത്തുകാർക്കും ഹൃദയത്തിൽ ഉണങ്ങാത്ത മുറിവായി. മരിച്ചവരിൽ രണ്ടുപേർ കൊല്ലം ജില്ലക്കാരാണ്.
യാത്രാമൊഴിയേകി വീട്ടിൽനിന്നും പോയിമറഞ്ഞവർ ഇനി വരില്ലെന്ന ദുഃഖസത്യം തിരിച്ചറിഞ്ഞതോടെ ഉറ്റവർക്ക് ജന്മം മുഴുവൻ താങ്ങാനാകാത്ത നൊന്പരമായി.
വെളിയം വെെദ്യൻകുന്ന് ഓമനകുട്ടൻ-ദേവി ദമ്പതികളുടെ മകൻ അനൂപ് (22), പുനലൂർ മണിയാർ എരിച്ചിക്കൽ ചരുവിള വീട്ടിൽ ദീപു ഭാനു എന്നിവരാണ് മരിച്ചവരിൽ കൊല്ലം ജില്ലയിൽനിന്നുള്ളവർ.
ഇവർ കൊട്ടാരക്കരയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു.
ഐറ്റിഐ പാസായ അനൂപ് ഉന്നത പഠനത്തിനായി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 നാണ് വീട്ടിൽ നിന്ന് കോയന്പത്തൂരിലേക്ക് പോയത്. കൊട്ടാരക്കരയിൽനിന്നും ട്രെയിൻ മാർഗം പോകാനായിരുന്നു തീരുമാനം.
പിതാവ് സ്കൂട്ടറിൽ അനൂപിനെ കാൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കാെണ്ടു വന്നു വിട്ടു. താമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല.
തുടർന്ന് കാൊട്ടാരക്കരയിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറി പാോകുകയായിരുന്നു.
അത് അവസാന യാത്രയായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. അനൂപ് കെഎസ്ആർടിസി ബസിന്റെ പിൻ ഭാഗത്തായി ഇരിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് അനൂപ് മരണപ്പെട്ട വിവരം വീട്ടിൽ അറിയുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. പട്ടാളക്കാരനായ അനന്ദുവാണ് സഹോദരൻ. സംസ്കാരം ഇന്ന് നടക്കും.
പുനലൂർ മണിയാർ എരിച്ചിക്കൽ ചരുവിള വീട്ടിൽ ദീപു ഭാനുവിന്റെ മരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് തച്ചുടച്ചത്. പിതാവ് ഉദയഭാനു വർഷങ്ങളായി ഗൾഫിലായിരുന്നു. കോയമ്പത്തൂർ അമൃത വിശ്വപീഠത്തിലെ ഗവേഷണ വിദ്യാർഥിയായിരുന്നു. നവരാത്രിയുടെ അവധിയ്ക്ക് വീട്ടിൽ വന്നിട്ട് തിരികെ പോകുമ്പോഴായിരുന്നു അപകടം.
മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ എത്തിച്ച് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മാതാവ് ശശികല. ധന്യ ഏക സഹോദരിയാണ്.